കടുത്തുരുത്തി : കുറവിലങ്ങാട് ടൗണിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായകരമാകുന്ന കുറവിലങ്ങാട് ബൈപ്പാസ് ലിങ്ക് റോഡിന്റെ നവീകരണത്തിനും അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനുമായി 3.25 കോടി രൂപയുടെ വികസന പദ്ധതിയ്ക്ക് പ്രാഥമികമായി രൂപം നൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് കുറവിലങ്ങാട് ബൈപ്പാസ് ലിങ്ക് റോഡിന്റെ മുടങ്ങിക്കിടക്കുന്ന റീച്ചിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് സാഹചര്യം ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ കുറവിലങ്ങാട് പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എം.എൽ.എ ഇക്കാര്യമറിയിച്ചത്. സർവകക്ഷി യോഗം 19 ന് രാവിലെ 10.30 ന് കുറവിലങ്ങാട് പഞ്ചായത്ത് ഹാളിൽ ചേരും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ എം.എൻ രമേശൻ, സന്ധ്യ സജികുമാർ, ടെസ്സി സജീവ്, മെമ്പർമാരായ ഡാർലി ജോജി, ഇ.കെ കമലാസനൻ, എം.എം ജോസഫ്, ജോയിസ് അലക്‌സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, എ.ഡി കുട്ടി, ജോർജ് ചെന്നേലി, ഷാജി കണിയാംകുന്നേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.