പാലാ : ജനറൽ ആശുപത്രി റോഡിന് വീതി കൂട്ടാത്തതിലും ആശുപത്രി അങ്കണത്തിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താത്തതിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നേതാവ് 'അഗ്നിശയനപ്രദക്ഷിണത്തിന് ' ഒരുങ്ങുന്നു.
ഈ മാസം 28 നാണ് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും, കോൺഗ്രസ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ഷോജി ഗോപി വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് രോഗികളെ നേരിട്ടു ബാധിക്കുന്ന ഗതാഗതപ്രശ്‌നത്തിനും, പാർക്കിംഗ് പ്രശ്‌നത്തിനും കാലങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മരണക്കളിയ്ക്ക് തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം ജനറൽ ആശുപത്രി കവാടം മുതൽ മെയിൻ റോഡ് വരെ ശയനപ്രദക്ഷിണ സമരം നടത്തിയിരുന്നു. തുടർന്ന് പാലാ നഗരസഭാധികാരികൾ ഇടപെട്ട് വീതി കുറഞ്ഞ റോഡിലെ പാർക്കിംഗ് ഒക്ടോബർ 1 മുതൽ നിരോധിച്ചിരുന്നു. കെ.എം.മാണി ധനകാര്യമന്ത്രി ആയിരിക്കെ ജനറൽ ആശുപത്രി റോഡ് വികസിപ്പിക്കാൻ നാലുകോടിയോളം രൂപ അനുവദിച്ചിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. പാലാ - ഏറ്റുമാനൂർ ഹൈവേയിൽ നിന്ന് തുടങ്ങി പുത്തൻപള്ളിക്കുന്നിന് സമീപം ബൈപ്പാസിൽ അവസാനിക്കുന്ന റോഡിന്റെ ഓരത്തായി വാട്ടർ അതോറിറ്റി, പൊതു ശ്മശാനം, ഗവ. ഹോമിയോ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്.