methi

കോട്ടയം: ജില്ലയിൽ വിരിപ്പു കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൊയ്ത്തു മെതിയന്ത്രത്തിന് മണിക്കൂറിന് 2000 രൂപയും കൊയ്ത്തിന് ബുദ്ധിമുട്ടുള്ള മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് 2300 രൂപയും വാടക നിശ്ചയിച്ചു. വിരിപ്പുകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ കർഷകപ്രതിനിധികളുടെയും കൊയ്ത്തുമെതി യന്ത്രം ഉടകമളുടെയും കൃഷി-കെയ്കോ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
സാധാരണ നിലയിലുള്ള ഒരേക്കർ നിലം ഒന്നേകാൽ മണിക്കൂറിനുള്ളിൽ കൊയ്യണമെന്ന് കളക്ടർ പറഞ്ഞു. കെയ്കോയുടെ യന്ത്രങ്ങൾ മണിക്കൂറിന് 800 നിരക്കിലാണ് നൽകുന്നത്. ഡീസൽ, ഗതാഗതച്ചെലവ് പാടശേഖരസമിതികളാണ് വഹിക്കുന്നത്. ജില്ലയിൽ എട്ടു പഞ്ചായത്തുകളിലായി 4653 ഹെക്ടർ സ്ഥലത്താണ് വിരിപ്പുകൃഷിയിറക്കിയിട്ടുള്ളത്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ്, പാടശേഖരസമിതി ഭാരവാഹികൾ, കൃഷി-കെയ്കോ ഉദ്യോഗസ്ഥർ, കൊയ്ത്തുമെതിയന്ത്രം ഉടമസ്ഥർ എന്നിവർ പങ്കെടുത്തു.



 കഴിഞ്ഞ വർഷം വാട‌ക 2200 രൂപ

 വിരിപ്പുകൃഷി 4653 ഹെക്ടർ സ്ഥലത്ത്

'കാര്യക്ഷമതയുള്ള യന്ത്രങ്ങൾ ഇറക്കുന്നുവെന്ന് കൃഷി എൻജിനീയർ ഉറപ്പാക്കണം. കെയ്കോ മെഷിനുകൾ കർഷകർക്ക് പ്രയോജനപ്പെടും വിധം പാടശേഖരസമിതികൾക്ക് കൃത്യമായി നൽകാൻ സംവിധാനമൊരുക്കണം.

- ഡോ. പി.കെ. ജയശ്രീ, ജില്ലാ കളക്ടർ