കുമരകം : മഴ ശക്തമായി തുടരുന്നത് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കി. വീടുകളും പരിസരവും മലിനജലം കൊണ്ട് നിറഞ്ഞു. ഇടവഴികളിലേറയും വെള്ളത്തിലാണ്. കാർഷിക മേഖലയും വലിയ ഭീഷണിയാണ് നേരിടുന്നത്. വർഷ കൃഷിയുടെ വിളവെടുപ്പ് അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത മഴയും വെള്ളെപ്പാെക്കവും. അയ്മനം പഞ്ചായത്തിലെ വട്ടക്കായൽ തട്ടേപ്പാടം തുടങ്ങിയ പാടശേഖരങ്ങളിൽ 20 ന് കാെയ്ത്ത് ആരംഭിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയെങ്കിലും നിലവും, നെല്ലും വെയിലേറ്റ് ഉണങ്ങാൻ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ. അയ്മനം കൃഷിഭവന്റെ കീഴിൽ വിരിപ്പു കൃഷി ഇറക്കിയിരിക്കുന്നത് 936 ഹെക്ടറിലാണ്. 918 ഹെക്ടറിൽ പുഞ്ചക്കൃഷി ഇറക്കാനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചത്. തിരുവാർപ്പ് കൃഷിഭവന്റെ കീഴിലുള്ള രണ്ട് പാടങ്ങളിലാണ് വർഷ കൃഷി. 84 ഹെക്ടറുള്ള കേളക്കേരി, പുതുക്കാട്ട് 50 എന്നീ പാടങ്ങൾ കതിരണിഞ്ഞ് കഴിഞ്ഞെങ്കിലും നേരിടുന്നത് വെള്ളപ്പാെക്ക ഭീഷണിയാണ്. തിരുവാർപ്പിൽ നടുവിലേപ്പാടം, വെട്ടിക്കാട്ട്, പുതുയേരി എം.എൻ ബ്ലാേക്ക് , ജെ ബ്ലാേക്ക് ഒമ്പതിനായിരം, തിരുവായ്ക്കരി, തട്ടാർകാട് തുടങ്ങിയ പാടശേഖരങ്ങളിൽ പുഞ്ച കൃഷിക്കായി വെള്ളം വറ്റിച്ചത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി. കുമരകത്ത് പച്ചപിടിച്ചു വന്ന വിനോദസഞ്ചാര മേഖല ചലനമറ്റ നിലയിലായി. വർഷ കൃഷി ഇറക്കിയ 13 പാടങ്ങൾ സംരക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് കർഷകർ. വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ കൃഷിയിലേറയും വെള്ളം കയറി നശിച്ചു.