കോട്ടയം : വിനോദ സഞ്ചാരികൾ കാണാനാഗ്രഹിക്കുന്ന പുതിയ ഇടങ്ങൾ കണ്ടെത്തി വികസിപ്പിച്ചെടുക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ പങ്കെടുപ്പിച്ച് 'ഉത്തരവാദിത്ത ടൂറിസം വികസനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ സംഘടിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ, വൈക്കം, തലയാഴം, വെച്ചൂർ, കല്ലറ, ടി.വി പുരം, കടുത്തുരുത്തി, നീണ്ടൂർ, അയ്മനം, കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. ആസൂത്രണ സമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണം മേധാവി ജെ. ജോസഫൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ സംസാരിച്ചു.