കോട്ടയം : നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതോടെ കഞ്ഞിക്കുഴിയിലെ മാർക്കറ്റ് തെരുവുനായ്‌ക്കളും ഈച്ചയും കീഴടക്കുന്നു. നഗരത്തിലെ മാലിന്യ നീക്കം പൂർണമായും നിലച്ചതോടെ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നത് കഞ്ഞിക്കുഴിയിലും, കോടിമത എം.ജി റോഡിലുമാണ്. കഞ്ഞിക്കുഴിയിൽ മത്സ്യഫെഡിന്റെ മീൻ മാർക്കറ്റും പ്രവർത്തിക്കുന്നിതനാൽ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെരുവ് നായ്ക്കളെ പേടിച്ച് ഭീതിയോടെയാണ് പലരും കടന്ന് പോകുന്നത്. ചിലരാകട്ടെ മാർക്കറ്റിനെ പൂർണമായും കൈയൊഴിഞ്ഞു.
പ്രദേശത്തെ വീടുകളിലേയ്‌ക്കും, ഫ്ളാറ്റുകളിലേയ്‌ക്കും എത്തുന്ന നായ്‌ക്കൾ നാട്ടുകാർക്ക് തീരാദുരിതമാണ് വിതയ്ക്കുന്നത്. . മാലിന്യംതള്ളൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് ആശങ്ക.
കോടിമതയിലും തീരാദുരിതം
കോടിമത മാർക്കറ്റിൽ ഇറച്ചിക്കടകളിലെ മാലിന്യം അടക്കമാണ് തള്ളുന്നത്. രാപ്പകൽ ഭേദമന്യെ നായ്ക്കൾ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് പിറകെ നായ്ക്കൾ കൂട്ടത്തോടെ ഓടുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. പ്രദേശവാസികൾ നഗരസഭ അധികൃതരോട് പരാതിപ്പെട്ടെങ്കിലും മാലിന്യപ്രശ്നത്തിന് പരിഹാരമായിട്ടില്ല.
ഭീതിയോടെയാണ് ഇതുവഴി ബൈക്കിൽ പോകുന്നത്. കാൽനടയാത്രയും ദുരിതത്തിലാണ്. വടി കൈയിൽ കരുതി വേണം നടക്കാൻ.
ശശിധരൻ, പ്രദേശവാസി