വൈക്കം : പതി​റ്റാണ്ടുകളായി കുടിവെള്ളത്തിനായി വള്ളം തുഴഞ്ഞ് സമീപ പഞ്ചായത്തുകളിലെത്തി വെള്ളം ശേഖരിച്ച് പോന്ന വെച്ചൂർ മഞ്ചാടിക്കരി ഭാഗത്തെ 25 ഓളം നിർദ്ധന കുടുംബങ്ങളുടെ വീട്ടുമു​റ്റത്ത് കുടിവെള്ളമെത്തി. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് വെച്ചൂരിലെ ഉൾപ്രദേശത്ത് കുടിവെള്ളമെത്തിയത്. ഇട്ട്യക്കാടൻ പാടശേഖരത്തിന് സമീപത്ത് ഗതാഗത സൗകര്യമില്ലാതെ കഴിയുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്തത് വലിയ ദുരിതമായിരുന്നു. വെച്ചൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിലും ആർപ്പുക്കര പഞ്ചായത്തിലുമെത്തിയാണ് ഇവിടത്തുകാർ കുടിവെള്ളം ശേഖരിച്ചിരുന്നത്. വെച്ചൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ശകുന്തള, മുൻ മെമ്പർ മിനിമോൾ കോട്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിവച്ച പദ്ധതി ഇപ്പോഴത്തെ മെമ്പർ ബീന. എസ്. കളത്തിലാണ് പൂർത്തീകരിച്ചത്.

സ്വപ്നം എന്ന് പൂവണിയും

പുറം ലോകത്തെത്താൻ ഇവർ കയറിൽ ബന്ധിച്ച തോണിയേയും മ​റ്റ് സ്വകാര്യ വള്ളങ്ങളെയുമാണ് ആശ്രയിക്കുന്നത്. നാട്ടുതോടിന് കുറുകെ ഇട്ട്യക്കാക്കാടൻകരിയെ ബന്ധിപ്പിച്ച് പാലം വിഭാവനം ചെയ്ത് പദ്ധതി തയ്യാറാക്കി പ്രാരംഭ പണികൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പാലം നിർമ്മാണം മുടങ്ങി. കാർഷിക മേഖലയ്ക്കും ജനജീവിതത്തിനും ഒരു പോലെ ഗുണപ്രദമായ പാലം നാടിന്റെ സ്വപ്നമാണ്.