വൈക്കം : വിദ്യാരംഭ ദിനമായ 15 ന് ആദ്യക്ഷരം കുറിക്കാനും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും സരസ്വതീ പ്രസാദത്തിനുമായി ഉദയനാപുരത്തപ്പന്റെ തിരുമു​റ്റം ഒരുങ്ങി. പുതിയ ആ​റ്റുമണൽ വിരിച്ച് ഭംഗിയാക്കിയ തിരുമു​റ്റത്ത് നൂറുകണക്കിന് കുട്ടികൾ വിദ്യാരംഭം കുറിക്കും. രാവിലെ 6.30 മുതൽ വിദ്യാരംഭത്തിനായി ഭക്തജനങ്ങൾ എത്തിച്ചേരും. വിദ്യാർത്ഥികൾക്കെല്ലാം ദേവസേനാപതിയുടെ പീഠത്തിൽ വച്ച് പൂജിച്ച പേനയും പ്രസാദവും സൗജന്യമായി വിതരണം ചെയ്യും. ദേവസേനാപതിയായ തിരുമു​റ്റത്ത് വിദ്യാരംഭം കുറിക്കുന്നതു് അത്യുത്തമമാണെന്നാണ് വിശ്വാസം. മേൽശാന്തി ആഴാട്ട് ഉമേഷ് നമ്പൂതിരി, വൈക്കം ശ്രീമഹാദേവ കോളേജ് അഡീഷണൽ ഡയറക്ടറും ഉപദേശക സമിതി പ്രസിഡന്റുമായ ചന്ദ്രശേഖരൻ നായർ എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും.