ashtami

വൈക്കം : ആചാരത്തനിമയിൽ വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പുകൾ. ക്ഷേത്രനഗരി ഭക്തി സാന്ദ്രം. വൈക്കത്തഷ്ടമിയുടെ പ്രാരംഭചടങ്ങായ പുള്ളി സന്ധ്യവേലയുടെ രണ്ടാം നാളിൽ നടന്ന എഴുന്നള്ളിപ്പിന് നിരവധി ഭക്തജനങ്ങളെത്തി.
പ്രഭാത പൂജകൾക്കും വിശേഷാൽ ചടങ്ങുകൾക്കും ശേഷം വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിച്ചു. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി , ടി.എസ്.നാരായണൻ നമ്പൂതിരി , ശ്രീധരൻ നമ്പൂതിരി , അനൂപ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കട്ടിമാലകളും പട്ടുടയാടകളും കൊണ്ടലങ്കരിച്ച തിടമ്പ് ശിരസ്സലേ​റ്റിയത് ഗജരാജൻ കണ്ടിയൂർ പ്രേംശങ്കറാണ്. വെച്ചൂർ രാജേഷ്, വൈക്കം പവിത്രൻ, വൈക്കം സമോദ്, വെച്ചൂർ വൈശാഖ്, വടയാർ ബാബു ,വൈക്കം ഷിബു എന്നിവരും കലാപീഠം വിദ്യാർത്ഥികളും മേളം ഒരുക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി സന്ധ്യവേല സമാപിച്ചു. വൈകിട്ടും ഇതെ രീതിയിൽ എഴുന്നള്ളിപ്പ് നടന്നു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ശ്രീലത, അസി.കമ്മിഷണർ ഡി.ജയകുമാർ, അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫീസർ എം.ജി.മധു എന്നിവർ നേതൃത്വം നല്ലി. പുള്ളി സന്ധ്യവേല 15, 17 തീയതികളിലുമുണ്ട്. അഷ്ടമി കൊടിയേ​റ്റ് നവംബർ 16നാണ്..