കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തുകളെയും സംയോജിപ്പിച്ച് 'വിഷൻ 2025' വികസന പദ്ധതിയ്ക്ക് രൂപം നൽകുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കേരള കോൺഗ്രസ് 58-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷൻ 2025 ആവിഷ്‌ക്കരിക്കുമ്പോൾ മുടങ്ങിക്കിടക്കുന്ന എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികൾ പരമാവധി കടുത്തുരുത്തി മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളും. എല്ലാ പഞ്ചായത്തിലും മുൻഗണന നൽകുന്ന ജനകീയ പദ്ധതികൾക്ക് എം.എൽ.എ ഫണ്ട് ലഭ്യമാക്കും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമായി നവംബർ, ഡിസംബർ മാസങ്ങളിൽ സർവകക്ഷി പ്രാദേശിക വികസന യോഗങ്ങൾ വിളിച്ച് ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വൈസർ ഇ.ജെ അഗസ്തി,ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ഡോ.മേഴ്‌സി ജോൺ മൂലക്കാട്ട്, ജോൺ നിലംപറമ്പിൽ, ആപ്പാഞ്ചിറ പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.