അയ്മനം : അയ്മനം - കല്ലുങ്കത്ര റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ ഹോളിക്രോസ് സ്കൂളിന് സമീപം സ്വകാര്യ ബസും, കാറും കൂട്ടിയിടിച്ച് കാറ് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. അയ്മനം കവലയിൽ നിന്ന് പുലിക്കുട്ടിശ്ശേരി പാലം വരെ അപകടരമാം വിധം മൂന്നു വളവുകളാണുള്ളത്. ഇതിൽ പൂന്ത്രക്കാവ് ക്ഷേത്ര വളവിൽ മാത്രമാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. അതും വളവിന്റെ ഒരു ഭാഗത്ത് മാത്രം. മൂന്നു വളവുകളിലും പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ മറ്റ് ചെറിയ റോഡുകള്ളതാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ച് അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു.

സ്പീഡ് ബ്രേക്കർ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. നാട്ടുകാരെ സംഘടിപ്പിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകും.

ബിജു മാന്താറ്റിൽ, അയ്മനം പഞ്ചായത്ത് അംഗം

സ്പീഡ് ബ്രേക്കർ ഇല്ലാത്തതിനാൽ വളവിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത വഴിയാത്രക്കാർക്ക് ജീവന് ഭീഷണിയാണ്. നടപ്പാതയുടെ അഭാവത്തിൽ റോഡിലൂടെയാണ് വഴിയാത്രക്കാരുടെ യാത്ര.

ബിയുഷ് ചന്ദ്രൻ, പ്രദേശവാസി