പനച്ചിക്കാട്: ദക്ഷിണ മൂംകാംബിയിൽ ദുർഗാഷ്ടമി ദിനമായ ഇന്നലെ പൂജവെയ്പ്പ് ചടങ്ങുകൾ നടന്നു. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ വൈകുന്നേരം 6.30ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കൊവിഡ് നിയന്ത്രണമുള്ളതിനാൽ പൂജവെയ്പിനുള്ള വിശിഷ്ട ഗ്രന്ഥങ്ങളും, താളിയോലകളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും സ്വീകരണങ്ങളും ഒഴിവാക്കിയിരുന്നു. പരുത്തുംപാറ കവലയിലെ കാണിക്കമണ്ഡപത്തിൽ ആരതി ഉഴിഞ്ഞശേഷം വിശിഷ്ട ഗ്രന്ഥങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിക്കുകയായിരുന്നു. മഹാനവമി ദിനമായ ഇന്ന് പുലർച്ചെ നാലിന് കലാമണ്ഡപത്തിൽ സഹസ്രനാമജപത്തോടെ കലോപാസനകൾക്ക് തുടക്കം കുറിക്കും. ക്ഷേത്രത്തിൽ അഞ്ചിന് നട തുറക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. വിജയദശമി ദിനമായ നാളെ രാവിലെ നാലിന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭം. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിൽ മൂന്ന് ആചാര്യന്മാരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. ഒരേസമയം പത്ത് കുട്ടികൾക്ക് ഒരു ആചാര്യൻ എന്ന നിലയ്ക്കാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി ആചാര്യന്മാരുടെ നിർദേശ പ്രകാരം രക്ഷിതാക്കളുടെ മടിയിലിരുന്നാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുക. എല്ലാ ആചാരാനുഷ്ടാനങ്ങളും സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് നടപ്പാക്കുക. വിദ്യാരംഭം കുറിക്കുന്നതിന് apanaQ ആപ്പ് വഴി ബുക്ക് ചെയ്യാം.