പാലാ: മെയിൻ റോഡിൽ ബി.ഡി.ജെ.എസ് നേതാക്കൾ ചെളിവെള്ളം തേകിയ കുഴികളിൽ ഇന്നലെ ടാർ നിറച്ചു. ളാലം പാലം ജംഗ്ഷൻ റൗണ്ടാനയ്ക്കും സ്റ്റേഡിയത്തിന് സമീപത്തെയും കുഴികളാണ് താത്കാലികമായി അടച്ചത്. ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൻ. രവീന്ദ്രൻ കൊമ്പനാലും സെക്രട്ടറി സന്തോഷ് എം പാറയിലും ചേർന്ന് കുഴി തേകി നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. ഇതിനുപിന്നാലെ ജോസ് കെ. മാണി സ്ഥലം സന്ദർശിച്ച് കുഴികൾ താത്ക്കാലികമായെങ്കിലും അടയ്ക്കാൻ പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സി.എം.പി പാലാ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പുളിക്കൻ കുഴിയുടെ സമീപം മുട്ടുകുത്തി നിന്നുള്ള ഒറ്റയാൾ സമരവുമായും എത്തിയിരുന്നു. നഗരത്തിൽ ളാലം പാലം ജംഗ്ഷൻ റൗണ്ടാനയ്ക്കും സ്റ്റേഡിയത്തിന് സമീപം വളവിലും റോഡിൽ മാസങ്ങളായി വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇരുചക്രവാഹനങ്ങൾ കുഴികളിൽപെട്ട് അപകടത്തിൽപെടുന്നതും പതിവായിരുന്നു. ഇതേതുടർന്ന് നിരവധി പരാതികളാണ് ഇക്കാര്യത്തിൽ ഉയർന്നത്. സ്റ്റേഡിയം ജംഗ്ഷനിലെ ഓട്ടോടാക്‌സി തൊഴിലാളികളും ജോസ് കെ മാണിയോട് പരാതി ഉന്നയിച്ചു. ഇതേതുടർന്ന് ജോസ് കെ. മാണി ഫോണിൽ ബന്ധപ്പെട്ട് പൊതുമരാമത്ത് അധികൃതരോട് അടിയന്തിരമായി കുഴി നികത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വലിയ കുഴികളിൽ ടാർ മിശ്രിതം നിറച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ തയാറായത്. ഇത് താത്ക്കാലിക പ്രശ്‌നപരിഹാരമാണെന്നും മഴമാറിയാൽ ഉടൻ കുഴികളുള്ള ഭാഗം റീടാർ ചെയ്യുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.