പാലാ: ഒറ്റ മഴ പെയ്താൽ മുത്തോലി വഴി പോകല്ലേ .... റോഡ് ഏത് , തോടേത് എന്ന് സംശയം വരും,​ ഉറപ്പ്!. മുത്തോലി കൊടുങ്ങൂർ റോഡിൽ മുത്തോലി കവലയ്ക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുൻഭാഗത്തുള്ള 250 മീറ്റർ ദൂരം ഒരു മഴ പെയ്താൽ അപ്പോൾ തന്നെ വലിയതോടുപോലെയാകും.
ഇതോടെ വാഹനഗതാഗതം പോലും ബുദ്ധിമുട്ടിലാകും. അപ്പോൾ പിന്നെ കാൽനടയാത്രക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. യാത്രക്കാരും വാഹന ഡ്രൈവർമാരും പരാതി പറഞ്ഞ് മടുത്തു. വലിയ ഓട ഉണ്ടെങ്കിലും വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണിവിടെ. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറിച്ചെല്ലാൻ പോലും കഴിയാത്ത വിധം വെള്ളക്കെട്ട്. ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡും വെള്ളക്കെട്ടിൽ തകരുകയാണ്. വെള്ളം മാറിയാൽ പിന്നെ റോഡ് നിറയെ ചെളി നിറയുകയാണ്. വെള്ളക്കെട്ടിൽ നിന്നും എന്നാണൊരു മോചനം എന്നാണ് യാത്രക്കാരുടെ ചോദ്യം. ഓട വിപുലീകരിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മുത്തോലി റോഡിലെ വെള്ളക്കെട്ട് ഉടൻ ഒഴിവാക്കാൻ അധികാരികൾ
നടപടി സ്വീകരിക്കണം. നാളുകളായി ഈ ദുരിതം ജനം സഹിക്കുകയാണ്.

ടോബിൻ. കെ. അലക്‌സ്
മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട്

ഫോട്ടോ അടിക്കുറിപ്പ്

മുത്തോലി റോഡിലെ വെള്ളക്കെട്ട്‌