parking

കോട്ടയം: 1.65 കോടി രൂപ ചെലവിൽ നിർമ്മിച്ച കോട്ടയം റെയിൽവേ സ്റ്റേഷനിലെ മൾട്ടിലെവൽ ടു വീലർ പാർക്കിംഗ് സൗകര്യം പൂർണതോതിലായി. മൂന്ന് നിലകളിലായുള്ള പാർക്കിംഗ് ഏറിയയിൽ ഒരേ സമയം 350 ഇരുചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവും. 1628 സ്ക്വയർ മീറ്റററാണ് വിസ്തീർണം.

കൊവിഡ് കാലത്ത് പാർക്കിംഗ് ഏരിയ ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നുവെങ്കിലും പണികൾ പൂർത്തീകരിച്ചിരുന്നില്ല. റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെയാണ് പാർക്കിംഗ് കെട്ടിടം. ഓരോ നിലയിലേക്കും വാഹനം ഓടിച്ചുകയറ്റാവുന്ന റാമ്പുകൾ ഉണ്ട്. കെട്ടിടത്തിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കയറുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒരേസമയം കൂടുതൽ വാഹനങ്ങൾക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാനാവും എന്ന പ്രത്യേകതയുമുണ്ട്.. നിലവിൽ ഇരുചക്രവാഹനങ്ങൾക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നേരത്തെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് സ്റ്റേഷനുമുമ്പിലെ മരങ്ങളുടെ ഇടയിലായിരുന്നു. മരച്ചില്ലകൾ ഒടിഞ്ഞുവീണും പക്ഷികളുടെ കാഷ്ഠം വീണും നഷ്ടങ്ങൾ വാഹന ഉടമകൾക്ക് നേരിടേണ്ടതായി വന്നിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് റെയിൽവേ പാർക്കിംഗ് സംവിധാനം ഒരുക്കിയത്. കൂടുതൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ പാർക്കിംഗിനായി എത്തുന്ന ഇരുചക്രവാഹനങ്ങളുടെ എണ്ണവും കൂടി. എന്നാൽ ചില വാഹന ഉടമകൾ അലക്ഷ്യമായി ബൈക്കുകളും മറ്റും പാർക്ക് ചെയ്യുന്നത് അസൗകര്യം ഉണ്ടാക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.