വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയ്ക്കും, ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനും എഴുന്നള്ളിപ്പുകൾക്ക് അഞ്ച് ആനകളെ ഉൾപ്പെടുത്താൻ സാദ്ധ്യത. ക്ഷേത്ര മതിൽ കെട്ടിനകത്ത് പരമാവധി അഞ്ച് ആനകളെ വരെ എഴുന്നള്ളിക്കുവാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ് കമ്മിറ്റിയാണ് തീരുമാനിച്ചത്. എന്നാൽ കൊവിഡ് നിയന്ത്റണങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കീഴ്പതിവും, പടിത്തരവും കണക്കാക്കി ആനകളെ അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ക്ഷേത്രത്തിന് പുറത്തേക്കുള്ള എഴുന്നള്ളിപ്പുകൾക്ക് തിടമ്പ് എടുക്കുന്ന ആനയെ മാത്രം അനുവദിക്കാനാണ് തീരുമാനം. ഒന്നിൽ കൂടുതൽ തിടമ്പുള്ള എഴുന്നള്ളിപ്പുകൾക്ക് തിടമ്പിന്റെ എണ്ണം അനുസരിച്ച് പ്രത്യേക അനുമതി നൽകാൻ ജില്ലാ സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജകീയ പ്രൗഡിയും ഏറെ സവിശേഷതകൾ നിറഞ്ഞതുമായ എഴുന്നള്ളിപ്പുകൾ ദർശിക്കാൻ തിരുവിതാംകൂർ രാജാക്കന്മാർ വൈക്കം ക്ഷേത്രത്തിലെത്തുക പതിവായിരുന്നു. മഹാദേവരുടെയും ദേവസേനാപതിയായ ഉദയനാപുരത്തപ്പന്റേയും എഴുന്നള്ളിപ്പുകൾക്കായി തിരുവിതാംകൂർ രാജാവ് രണ്ട് സ്വർണ തലേക്കെട്ടുകളും, സ്വർണ്ണക്കുടകളും ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഇരു ക്ഷേത്രങ്ങളിലേയും ഉത്സവ നാളുകളിൽ ഇവ ഉപയോഗിച്ചു വരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്ററിയിപ്പ് മുതൽ ആറാട്ട് വരെ 75 ആനകളുടെ എഴുന്നള്ളിപ്പും ഉദയനാപുരം ക്ഷേത്രത്തിൽ 26 ആനകളുടെ എഴുന്നള്ളിപ്പുമാണ് നടന്നു വരുന്നത്.