പാലാ : അക്ഷരപുണ്യം പകർന്ന് നാടെങ്ങും വിദ്യാരംഭം ഭക്തിനിർഭരം. മീനച്ചിൽ താലൂക്കിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിജയദശമി നാളിൽ നൂറുകണക്കിന് കുരുന്നുകൾ അക്ഷരലോകത്തേക്ക് പിച്ചവച്ചു. പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തിൽ ലിപി സരസ്വതീപൂജയോടെയായിരുന്നു വിദ്യാരംഭം. മേൽശാന്തി പ്രദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
പാലാ വെള്ളാപ്പാട് ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി സുരേഷ് ആർ. പോറ്റിയുടെ മേൽനോട്ടത്തിൽ കുട്ടികളെ എഴുത്തിനിരുത്തി.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിജയദശമി നാളിൽ നടത്തിയ തൂലികാ പൂജ ഭക്തിനിർഭരമായി. നൂറുകണക്കിന് വിദ്യാർത്ഥികൾ പൂജിച്ച പേനകൾ പ്രസാദമായി ഏറ്റുവാങ്ങി. പാരമ്പര്യ രീതിയിൽ മണലിൽ ഹരിശ്രീ കുറിക്കാൻ നിരവധി പേരെത്തി. ശിവഗിരി ശാരദാക്ഷേത്ര സന്നിധിയിൽ നിന്നെത്തിച്ച പഞ്ചാരമണലിൽ ഹരിശ്രീ കുറിപ്പിച്ചത് പ്രമുഖ കവിയും റിട്ടയേർഡ് അദ്ധ്യാപകനുമായ ആർ.കെ. വള്ളിച്ചിറ ആചാര്യനായിരുന്നു. മധുരഫല മഹാനിവേദ്യസമർപ്പണവും വിതരണവും ഉണ്ടായിരുന്നു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
കെഴുവംകുളം എസ്.എൻ.ഡി.പി ശാഖാ ഗുരുദേവക്ഷേത്രത്തിൽ സരസ്വതീപൂജ, ഗുരുപൂജ എന്നിവ നടന്നു. മേൽശാന്തി പമ്പാവാലി മഹേശ്വരൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.
തലനാട് ശ്രീജ്ഞാനശ്വേര മഹാദേവക്ഷേത്രത്തിൽ മേൽശാന്തി രഞ്ജൻ ശാന്തിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം, വിദ്യാഗോപാല മന്ത്രാർച്ചന, സരസ്വതിപൂജ, വിശേഷാൽ ഗുരുപൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു.
അരുണാപുരം ഊരാശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ പ്രത്യേക പൂജകളും പ്രസാദ വിതരണവും ആദ്യക്ഷരം കുറിക്കലും നടന്നു മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി നേതൃത്വം നൽകി.
കിടങ്ങൂർ ശിവപുരം ശ്രീമഹാദേവദേവീഗുരുദേവ ക്ഷേത്രത്തിൽ വിദ്യാരംഭം ഭക്തിനിർഭരമായി. സരസ്വതിപൂജ, ഗുരുപൂജ എന്നിവയുമുണ്ടായിരുന്നു.
മേവട പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ വിദ്യാരംഭത്തിന് മേൽശാന്തി ഏഴാച്ചേരി വടക്കേൽ ഇല്ലം എം.എൻ. അനൂപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, വിദ്യാരംഭം, ഗാനാർച്ചന എന്നിവ ഉണ്ടായിരുന്നു. മേൽശാന്തി കുഴിപ്പള്ളിൽ ഇല്ലം വേണുനമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് മേൽശാന്തി വൈക്കം സനീഷ് ശാന്തികൾ നേതൃത്വം നൽകി.
കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, അന്തീനാട് ശ്രീമഹാദേവ ക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനിദേവി ക്ഷേത്രം, പൈക ശ്രീചാമുണ്ഡേശ്വരി ക്ഷേത്രം, വിളക്കുമാടം ശ്രീഭഗവതി ക്ഷേത്രം, കുറിഞ്ഞി വനദുർഗ്ഗദേവി ക്ഷേത്രം, കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്ത്രാ ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം തുടങ്ങിയിടങ്ങളിലെല്ലാം വിദ്യാരംഭചടങ്ങുകൾ ഭക്തിനിർഭരമായി ആഘോഷിച്ചു.