mookambi

കോട്ടയം: നാവിൽ ഹരീശ്രീ എഴുതി കുരുന്നുകൾ. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുരുന്നുകൾ അക്ഷര പുണ്യം നുകരാനെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരക്കൊഴിവാക്കിയായിരുന്നു ഇത്തവണ എഴുത്തിരുത്ത് . മറ്റ് ക്ഷേത്രങ്ങളിലും വിദ്യാരംഭം നടന്നു.
പ്രത്യേകം സജ്ജീകരിച്ച ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമാണ് പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ എഴുത്തിനിരുത്തിന് അവസരമൊരുക്കിയത്. കൊവിഡ് സാഹചര്യത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ആചാര്യൻമാർ നിർദേശങ്ങൾ നൽകി ഒപ്പം നിന്നു.പുലർച്ചെ നാലിന് ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾക്കു തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ദേവസ്വം മാനേജർ കരുനാട്ടില്ലം കെ.എൻ. നാരായണൻ നമ്പൂതിരി, അസിസ്റ്റന്റ് മാനേജർ കൈമുക്കില്ലം കെ.വി. ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മൂകാംബിക ക്ഷേത്രത്തിലേതു പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് ക്ഷേത്രം.