ചങ്ങനാശേരി: ഇത്തിത്താനം ചെമ്പുചിറപൊൻപുഴ തോട് കഴിഞ്ഞ രണ്ടു വർഷമായി ശുചീകരിക്കാത്തതുമൂലം പുല്ലും കാടും വളർന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതുമൂലം മാലിന്യം അടിയുന്നതായി പരാതി. കേളൻകവല, പുത്തൻകോളനി, ചെമ്പുചിറപൊക്കം, കണ്ണന്ത്രപ്പടി, മുട്ടത്തുവർക്കി വായനശാല ജംഗ്ഷൻ, കാർഗിൽ, പുളിമൂട്, പൊൻപുഴ പൊക്കം തുടങ്ങി ഏഴു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. വർഷങ്ങളായി മണ്ണടിഞ്ഞ് ആഴം കുറഞ്ഞതുമൂലവും സമീപസ്ഥലങ്ങളിലെ കയ്യാല ഇടിഞ്ഞിറങ്ങിയതുമൂലവുമാണ് ഒഴുക്ക് തടസ്സപ്പെടുന്നത്. കുറിച്ചി പഞ്ചായത്തിലെ 8, 9, 14 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഈ തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. എന്നാൽ, ഇരുവാർഡുകളിലെ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങി. 2005- 2010 സാമ്പത്തികവർഷം തോടിന് ഭാസ്‌ക്കരൻ കോളനി മുതൽ പൊൻപുഴ വരെയുള്ള ഭാഗങ്ങളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംരക്ഷണഭിത്തികെട്ടുവാൻ തീരുമാനിക്കുകയും കുറെ ഭാഗം കെട്ടുകയും ചെയ്തു. എന്നാൽ സംരക്ഷണഭിത്തി കെട്ടാത്ത ഭാഗത്തെ കയ്യാല ഇടിഞ്ഞ് തോട്ടിലേക്ക് വീണുകിടക്കുന്നതാണ് നീരൊഴുക്കിന് തടസ്സമാകുന്നതെന്ന് സമീപവാസികൾ പറയുന്നു. എട്ട് അടി വീതിയുള്ള ഈ തോടിന്റെ സംരക്ഷണഭിത്തി പൂർത്തിയാക്കാത്തതുമൂലം നാൽപ്പതിലധികം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുകയാണ്. മഴ തുടർച്ചയായി പെയ്താൽ ചെമ്പുചിറ മുതൽ പൊൻപുഴ വരെയുള്ള നൂറോളം കുടുംബങ്ങൾ വെള്ളത്തിലാകും. തോട്ടിലൂടെ വെള്ളം ഒഴുകാതെ വരുന്നതോടുകൂടി സമീപവീടുകളിലെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് പരിസരമാകെ മലിനീകരണപ്പെടുകയും കിണറ്റിലെ വെള്ളം ഉപയോഗശൂന്യമാകുകയും ചെയ്യുന്നു. ചെമ്പുചിറപൊൻപുഴ തോടിന്റെ ബാക്കി ഭാഗം കൂടി സംരക്ഷണഭിത്തി കെട്ടുവാൻ പള്ളം ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകണമെന്ന് ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു. തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് ചെറുകിട ജലസേചന വകുപ്പ് അധികാരികൾക്ക് നിവേദനം നൽകുവാനും വികസനസമിതി തീരുമാനിച്ചു. പ്രസന്നൻ ഇത്തിത്താനം, ഡോ റൂബിൾ രാജ്, സന്തോഷ് മണത്തുരുത്തി, അമൽ ഐസൻ, സി ബിനിൽ എന്നിവർ പങ്കെടുത്തു.