ചങ്ങനാശേരി: കനത്തമഴയെ തുടർന്ന് പുത്തനാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ താലൂക്കിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ലംകയറി. മേഖലയിലെ നിരവധി വീടുകളും ഇതോടെ വെള്ളത്തിലായി. കുറിച്ചി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തിന്റെ പലഭാഗങ്ങളിലും നിരവധി വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവാണ് ആശങ്കയ്ക്ക് ഇടനൽകുന്നത്. വെള്ളത്തിന്റെ തോത് ഉയർന്നാൽ മുതിർന്നവരെയും കുട്ടികളെയും രോഗബാധിതരെയും കൊണ്ട് പെട്ടെന്ന് വീടു വിട്ടുമാറാൻ കഴിയാത്ത സാഹചര്യവുമാണ്. ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
എ.സി റോഡിൽ പലഭാഗങ്ങളിലും വെള്ളംകയറി. എ.സി റോഡിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി,എ.സി കോളനി, പൂവം, അംബേദ്കർ കോളനി പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, എ.സി റോഡ് കോളനി, കാവാലിക്കരിച്ചിറ വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്രഇഞ്ചൻതുരുത്ത്, ചാമ,തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിലെ ആഞ്ഞിലിവേലിക്കുളം പടിഞ്ഞാറ്,വേഷ്ണാൽ,കടമാഞ്ചിറ, പൊട്ടശ്ശേരി,മാലൂർക്കാവ് കുറിച്ചി പഞ്ചായത്തിലെ അട്ടിച്ചിറ ലക്ഷം വീട് കോളനി,ആനക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. മാടപ്പള്ളി പഞ്ചായത്തിലെ കൊഴുപ്പക്കളം ഭാഗത്തെ വീടുകളും വെള്ളത്തിലാണ്.