പാലാ: മണിക്കൂറുകൾ നീണ്ട മഴയിൽ നാടാകെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും. രാവിലെ തെളിഞ്ഞു നിന്ന മാനം പൊടുന്നനെയാണ് ഇരുണ്ടതും മണിക്കൂറുകൾ നീണ്ട കനത്തമഴ പെയ്തതും. കനത്തമഴയിൽ പുരയിടങ്ങളിലൊക്കെ വെള്ളക്കെട്ടായി. റോഡുകൾ തോടുകളായി. കൈത്തോടുകളും കൈവഴികളുമൊക്കെ നിറഞ്ഞുകവിഞ്ഞ് മഴവെള്ളപ്പാച്ചിലായി. ളാലം തോടും മീനാറത്തോടും മീനച്ചിൽ തോടും ഇടമറ്റം പൊന്നൊഴുകും തോടും
കരകവിഞ്ഞു. മീനച്ചിലാറ്രിൽ ജലനിരപ്പ് ഉയർന്നതോടെ പനയ്ക്കപ്പാലത്തും ഭരണങ്ങാനത്തും മൂന്നാനിയിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പാലാ-പൊൻകുന്നം റോഡിൽ കുറ്റില്ലം, കടയം ഭാഗങ്ങളിലും പാലാ ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിലും വെള്ളംകയറി. ളാലം തോട് കരകവിഞ്ഞ്
കരൂരിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ത്യാളം ചൂഴിപ്പാലത്തിന് സമീപവും ഗതാഗതം തടസപ്പെട്ടു. കരൂർ, കടനാട്, കുറ്റില്ലം, വള്ളിച്ചിറ എന്നിവിടങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം താറുമാറായി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ് വന്നതോടെ പാലാ നഗരത്തിലെ വ്യാപാരികൾ സാധനസമഗ്രികൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി. പല കുടുംബങ്ങളെയും അധികൃതർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. റവന്യു അധികൃതരും പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.