വൈക്കം: മൂവാറ്റുപുഴയാറിലും കരിയാറടക്കമുള്ള ജലാശയങ്ങളിലും ജലനിരപ്പുയർന്നതിനെ തുടർന്ന് വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. കായലോര മേഖലയിലുള്ളവരെയും പാടശേഖരങ്ങൾക്ക് സമീപം കഴിയുന്നവരെയും ആവശ്യം വന്നാൽ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഡാമുകൾ തുറന്നതിനാൽ രാത്രിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. തലയാഴത്തെ ചെട്ടിക്കരി, ടി.വി പുരം മുത്തേടത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. തലയാഴം, ടി വി പുരം പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. തലയാഴം, ടി വി പുരം പഞ്ചായത്തിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. തലയാഴം നെൽകൃഷി നാശത്തിന്റെ വക്കിലാണ്. വെച്ചൂരിലെ പൂവത്തുക്കരി, വലിയ പുതുക്കരിക്കരി പാടശേഖരത്തിൽ കൊയ്യാൻ പാകമായ നെല്ലാണ് വെള്ളത്തിലായത്. ജില്ലാ കൃഷി വകുപ്പ് അധികൃതരും വെച്ചൂർ പഞ്ചായത്ത് അധികൃതരും പാടശേഖരങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.