മുണ്ടക്കയം: കനത്തമഴയിൽ മുണ്ടക്കയം- എരുമേലി റോഡിലെ കോസ് വേ പാലം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. വീടുകളുടെ ഒന്നാംനിലവരെ വെള്ളമെത്തി. മുണ്ടക്കയം-എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾപൊട്ടിയതോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളംകയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സി.എസ്.ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപാർപ്പിച്ചു. കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്.എൻ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്നം ഭാഗത്ത് ആൾതാമസമില്ലാത്ത വീടും പാതാമ്പുഴ കുഴുമ്പള്ളിയിൽ പന്നിഫാമും ഉരുൾപൊട്ടിലിൽ ഒലിച്ചുപോയി.