പാലാ: മീനച്ചിൽ താലൂക്കിൽ അതിതീവ്ര മഴ മൂലം ദുരിതമുണ്ടായവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം അടിയന്തിരയോഗം ആവശ്യപ്പെട്ടു. ഇരുനൂറോളം കുടുംബങ്ങളെ മഴക്കെടുതി നേരിട്ട് ബാധിച്ചതായി യോഗം വിലയിരുത്തി.

യോഗം ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കടപ്പൂര് ഉദ്ഘാടനം ചെയ്തു.

പാലായിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യത്യസ്ഥ സമരരീതി കേരളത്തിനു പരിചയപ്പെടുത്തിയ പാലാ നിയോജകമണ്ഡലം ഭാരവാഹികളെ യോഗം അഭിനന്ദിച്ചു .യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ശ്രീശിവം മുഖ്യപ്രഭാഷണം നടത്തി .
നിയോജകമണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊമ്പനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് പാറയിൽ ,വൈസ് പ്രസിഡന്റ് ശിവദാസ് മുത്തോലി ,നിമിലാക്ഷൻ മുത്തോലി ,വിമലൻ ഇടമറ്റം ,സുനിൽ മീനച്ചിൽ, മനോജ് മല്ലികശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു .
21ന് പാലാ ജനറൽ ആശുപത്രിയ്ക്ക് മുൻപിൽ പാർട്ടി സമരം നടത്തും. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന് മഹാകവി പാലാ നാരായണൻ നായരുടെ പേരു നൽകണം എന്നാവശ്യപ്പെട്ടാണ് ധർണ.