മുണ്ടക്കയം: മുണ്ടക്കയത്ത് അവസ്ഥ എത്ര ഭീകരമെന്ന് വ്യക്തമാക്കുകയാണ് മുണ്ടക്കയം കോസ്‌വേ പാലത്തിലെയും സമീപത്തെയും കാഴ്ചകൾ.
ശനിയാഴ്ച രാവിലെ പെയ്ത് ചെറിയ ഒരു ചാറ്റൽ മഴ ഒരു വലിയ ദുരന്തത്തിന്റെ തുടക്കമെന്ന് ആരും കരുതിയില്ല. മഴ ശക്തമായി, പിന്നാലെ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും. നിമിഷനേരം കൊണ്ട് പാലം കവിഞ്ഞ് മണിമലയാർ ഒഴുകിത്തുടങ്ങി. കാഴ്ചക്കാരുടെ കണക്കുകൂട്ടലുകളെ തകിടംമറിച്ച രണ്ടാൾ പൊക്കത്തിൽ മണിമലയാർ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. പാലത്തിൽ കുടുങ്ങിയ കൂറ്റൻ മരങ്ങൾ പലപ്പോഴും പാലത്തിനെ തന്നെ പറിച്ചെടുത്തു ഒഴുക്കുമോയെന്ന ഭീതിയിൽ വരെ എത്തിച്ചു. മണിമലയാർ ചരിത്രത്തിലാദ്യമായി പുത്തൻചന്ത മുളങ്കയം പാതയും ,ബൈപാസും കവർന്ന് സെന്റ് മേരിസ് പള്ളി വക സ്ഥലത്തു കൂടി ഒഴുകാൻ തുടങ്ങി. പലരും അതിസാഹസികമായ ഒഴുക്കിൽ നീന്തി വാഹനങ്ങൾ കയറുകൾ കൊണ്ട് ബന്ധിപ്പിച്ചു നിർത്തി. മലവെള്ളപാച്ചിലിൽ മുളങ്കയം പുത്തൻചന്ത പാതയിലെ കടകൾ തുടച്ചുനീക്കപ്പെട്ടു. പുത്തൻചന്ത മേഖലയിലെ മണിമലയാറിന്റെ തീരദേശത്തെ മുഴുവൻ വീടുകളിലും വെള്ളം കയറി. വെള്ളനാടി മേഖലയിലെ 45 ഓളം വീടുകളാണ് ഒലിച്ചുപോയത്.