മുണ്ടക്കയം : ഉറ്റവരെ ഉരുൾ കവർന്നു. ഇതൊന്നുമറിയാതെ ആശുപത്രിയിൽ കഴിയുകയാണ് മറിയാമ്മ എന്ന മുത്തശ്ശിയും ആൻ മരിയ എന്ന കൊച്ചുമകളും.
പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ ആറ്റുച്ചാലിൽ സോണിയുടെ ഭർത്താവ് ജോമിയുടെ അമ്മയാണ് മറിയാമ്മ (65). സോണിയുടെ മകൾ ആൻ മരിയക്ക് ഒപ്പം ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളി മെഡിക്കൽസ് ആശുപത്രിയിൽ ചെക്കപ്പിനായി എത്തിയതായിരുന്നു ഇവർ. അതുകൊണ്ടു തന്നെ ഇരുവരും ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു. ടാപ്പിംഗ് തൊഴിലാളിയായ ജോമിയും വീട്ടിൽ ഇല്ലായിരുന്നു.
മരുമകൾ സോണിയയും കൊച്ചുമകൻ അലനും (8) അപകടത്തിൽപ്പെട്ട സമയത്ത് ആശുപത്രിയിലായിരുന്ന മറിയാമ്മയെ ആശുപത്രി അധികൃതർ വിവരം അറിയിക്കാതെ അഡ്മിറ്റ് ചെയ്തു. പ്ലാപ്പള്ളിയിൽ മടങ്ങിയെത്തുമ്പോൾ കാണാനിരിക്കുന്ന വീടിരുന്ന സ്ഥാനത്തെ വെറും തറയും, പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരവും ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമാകും.