ചങ്ങനാശേരി: ചങ്ങനാശേരി മേഖലയില്‍ വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡ്വ. ജോബ് മൈക്കിള്‍ എം.എൽ.എ യുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവില്‍ എ.സി റോഡില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട മൂന്ന് കുടുംബങ്ങളെ പെരുന്ന വെസ്റ്റ് യു.പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പില്‍ ഇരുപതോളം പേര്‍ ഉണ്ട്. ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ നഗരസഭാ അധികൃതര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിനും എം.എല്‍. എ നിര്‍ദ്ദേശം നല്‍കി.
ക്രമാതീതമായി വെള്ളം വീണ്ടും ഉയര്‍ന്നാല്‍, പായിപ്പാട് പ്രദേശത്തെ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് പൂവം സര്‍ക്കാര്‍ സ്‌കൂള്‍ സജ്ജമാക്കിയിട്ടുണ്ട്. മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പഞ്ചായത്തധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി തോടുകളും ഓടകളും വൃത്തിയാക്കിയതു മൂലം തൃക്കൊടിത്താനം പഞ്ചായത്തില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിവായതായും, കുട്ടനാട് പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ ചങ്ങനാശേരി ടൗണ്‍ ഹാള്‍, ക്ലൂണി സ്‌കൂള്‍ എന്നിവ കളക്ടറുടെ നിര്‍ദേശം പ്രകാരം സജ്ജമാക്കിയിട്ടുണ്ടെന്ന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍: 0481 24 20037 ,2420044. ചങ്ങനാശേരി ടി.ബി യില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സസ്യാ മനോജ്, തഹസില്‍ദാര്‍ മനോഹരന്‍ പി.ഡി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫ്രാന്‍സിസ്.പി, പൊലീസ്, അഗ്‌നിശമന സേന, നഗരസഭാ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.