ചങ്ങനാശേരി: മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി. ഇതോടെ ചങ്ങനാശേരി താലൂക്കിലെ പടിഞ്ഞാറൻ പ്രദേശവാസികളുടെ ആശങ്കയേറി. ആലപ്പുഴ-ചങ്ങനാശേരി റോഡിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കയാണ്.
കുറിച്ചി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തിന്റെ പലഭാഗങ്ങളിലും നിരവധി വീടുകളും വെള്ളത്തിനടിയിലായി. വെള്ളത്തിന്റെ തോത് ഉയർന്നാൽ മുതിർന്നവരെയും കുട്ടികളെയും രോഗബാധിതരെയും കൊണ്ട് പെട്ടെന്ന് വീടു വിട്ടുമാറാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. താലൂക്കിൽ ആവശ്യമായ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതിയിൽ നിന്ന് രക്ഷ തേടിയെത്തുന്നവർക്കായി ചങ്ങനാശേരി അഞ്ച് ക്യാമ്പുകൾ തുറക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു. വാഴപ്പള്ളി കോയിപ്പുറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, പെരുന്ന ഗവൺമെന്റ് എൽ പി സ്‌കൂൾ, ചങ്ങനാശേരി നഗരസഭാ ടൗൺഹാൾ, പെരുന്ന വെസ്റ്റ് യു.പി സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിനുള്ള ക്രമീകരണം നടത്തിയത്. സ്‌കൂളുകളും ടൗൺഹാളും ശുചീകരണതൊഴിലാളികളുടെ സഹായത്തോടെ ശുചീകരിച്ചു. കൂടുതൽ ക്യാമ്പുകൾ വേണ്ടിവന്നാൽ തുറക്കുന്നതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ എടുത്തിട്ടുണ്ട്.
ആലപ്പുഴ റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളായ വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി പ്രദേശങ്ങളിലും എ.സി കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങി പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെളളം കയറി. പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, കാവാലിക്കരിച്ചിറ എന്നിവിടങ്ങളിലും വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ,തൃക്കൊടിത്താനം പഞ്ചായത്തിലെ ആഞ്ഞിലിവേലിക്കുളം പടിഞ്ഞാറ്,റെയിൽവേ, വേഷ്ണാൽ,കടമാഞ്ചിറ, പൊട്ടശ്ശേരി,മാലൂർക്കാവ്, ഇരൂപ്പാ തോടിന് ഇരുവശവും കുറിച്ചി പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങൾ അട്ടിച്ചിറ ലക്ഷം വീട് കോളനിയിലും റെയിൽവേ പുറപ്പോക്കിലുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ഭാഗം, ആനക്കുഴി, ചാണകക്കുഴി, ചകിരി, വട്ടഞ്ചിറകുളം, കുട്ടഞ്ചിറമറ്റം, ചേലച്ചിറ, ചേലാറ, 13ലക്ഷം വീട് കോളനി തുടങ്ങി നിരവധി താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മഴ ശക്തമായി തുടരുകയും കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കു ശക്തമാവുകയും ചെയ്താൽ ജലനിരപ്പ് വലിയ തോതിൽ ഉയരാനിടയാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇന്നലെ മഴ മാറി നിന്നെങ്കിലും കിഴക്കൻ വെള്ളം കൂടുതലായി എത്തുന്നത് കുട്ടനാട്ടുകാരുടെ ആശങ്കയും വർദ്ധിപ്പിക്കുന്നു.