കോട്ടയം: കനത്ത മഴയെ തുടർന്നു മീനച്ചിലാറും, കൊടൂരാറും നിറഞ്ഞുകവിഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കുമരകം, അയ്‌മനം, പരിച്ച്, കുമ്മനം പ്രദേശങ്ങളിലെ വീടുകൾ പലതും വെള്ളത്തിലാണ്. ഇന്നലെ മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളം ഒഴുകിയെത്തിയത് പടിഞ്ഞാറൻ മേഖലയുടെ ആശങ്ക ഇരട്ടിയാക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആറ്റിറമ്പിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലയിടത്തും ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വീട്ടിൽ നിന്നും അവശ്യ വസ്‌തുക്കൾ പോലും എടുക്കാൻ സാധിച്ചിട്ടില്ല. അയ്‌മനം പ്രദേശത്ത് നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത് അയ്‌മനം, ആർപ്പൂക്കര മേഖലകളിലാണ്. മീനച്ചിലാറിന്റെ കൈവഴികളായ തോ‌ടുകളെല്ലാം ഇവിടെ കരകവിഞ്ഞ് ഒഴുകുകയാണ്.