വൈക്കം : വെച്ചൂർ മോഡേൺ റൈസ് മിൽ നെല്ല് സംഭരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപ്പർ കുട്ടനാട്ടിലെ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയാൽ ഉടൻ തന്നെ പാടശേഖരങ്ങളിൽ നിന്നും നെല്ല് സംഭരിക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാൻ ഓയിൽ പാം ഇൻഡ്യയുടെ ഉടമസ്ഥതയിലുള്ള വെച്ചൂർ മോഡേൺ റൈസ് മിൽ അധികാരികൾ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. സ്വകാര്യമില്ലുടമകൾ താരയുടെ പേരിൽ ക്വിന്റലിന് 4 കിലോ മുതൽ 20 കിലോ വരെയാണ് കുറവ് ആവശ്യപ്പെടുന്നത്. ഇതിനെതിരെ കർഷകർ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും നെല്ലുകൊണ്ടുവരുന്നത് നിറുത്തി വെച്ചൂർ മോഡേൺ റൈസ് മിൽ വെച്ചൂർ, തലയാഴം, കല്ലറ, നീണ്ടൂർ, കടുത്തുരുത്തി, അയ്മനം, ആർപ്പൂക്കര, കുമരകം തുടങ്ങിയ പഞ്ചായത്തുകളിലെ നെല്ല് സംഭരിക്കണമെന്ന് കേരള സംസ്ഥാന കർഷക സംഘടന സംസ്ഥാന കമ്മറ്റി അംഗം സി.എസ്.രാജു പറഞ്ഞു.