പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി.പി പദ്ധതി പരിശീലനം തുടങ്ങി. യൂണിയൻ പ്രസിഡന്റ് സി.പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാസമാജം യൂണിയൻ പ്രസിഡന്റ് എ.കെ സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.എസ്.എസ് സോഷ്യൽ സർവീസ് ഡിപ്പാർട്ടുമെന്റ് സെക്രട്ടറി വി.വി ശശിധരൻ നായർ, അഗ്രികൾച്ചറൽ മുൻ അസി. ഡയറക്ടർ കെ.ജെ. ഗീത, ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
ജൈവ പച്ചക്കറി കൃഷി, പശു,ആട്,കോഴി വളർത്തൽ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകുന്ന പരിശീലന പരിപാടി പത്ത് ദിവസം നീണ്ടുനിൽക്കുമെന്ന് യൂണിയൻ സെക്രട്ടറി വി.കെ രഘുനാഥൻ നായർ ഉഴവൂർ അറിയിച്ചു. 50ഓളം വനിതകൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യൂണിയൻ കമ്മറ്റിയംഗങ്ങൾ, വനിതാ യൂണിയൻ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.