പാലാ: പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നതിനായി എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത ഡയാലിസിസ് ഉപകരണങ്ങൾ തിരികെ എത്തിച്ച് സ്ഥാപിക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു. ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിലാണ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നത്.പതിനൊന്നോളം മെഷീനുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ എത്തിക്കുന്നത്. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നൽകിയ ഭരണാനുമതി പ്രകാരം 880 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിനായി ബഹുനില മന്ദിരം നിർമ്മിച്ചത്. രോഗികളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചകളെ തുടർന്ന് മെഷീനുകൾ വീണ്ടും എത്തിക്കാൻ നടപടിയായതെന്ന് ജോസ് കെ.മാണി പറഞ്ഞു .

ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നഗരസഭാ പദ്ധതി വിഹിതത്തിൽ നിന്നും 9.50 ലക്ഷം രൂപ ചിലവഴിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.ഹൈടെക് ലാബിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധികൃതരുമായി അവലോകനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, കൗൺസിലർ ബിജി ജോജോ, ജയ്‌സൺമാന്തോട്ടം, ഡോ.പി.എസ്.ശബരീനാഥ്, ഡോ.ടി.എസ് .വിഷ്ണു, മേഴ്‌സി ജോയി എന്നിവരും പങ്കെടുത്തു.