ചങ്ങനാശേരി: ഇരുചക്രവാഹനയാത്രികരുടെ നടുവൊടിച്ച് റോഡിനു നടുവിലെ കട്ടിംഗ്. കട്ടിംഗിനു സമീപത്ത് വീണ്ടും രൂപപ്പെട്ടിരിക്കുന്ന കുഴിയാണ് യാത്രക്കാർക്ക് വില്ലനാകുന്നത്. തൃക്കൊടിത്താനം - പായിപ്പാട്- കവിയൂർ- തിരുവല്ല - ഭാഗങ്ങളിലേയ്ക്ക് പോകുന്ന പാതയാണിത്. എസ്.എച്ച് ജംഗ്ഷൻ സിഗ്നൽ കടന്നു വരുന്ന വാഹനങ്ങൾ ഫാത്തിമാപുരം റെയിൽവേ മേൽപ്പാലം കടന്നാണ് പോകുന്നത്. മുമ്പ് ഇതേ ഭാഗത്ത് തന്നെ വലിയ രീതിയിലുള്ള കട്ടിംഗ് രൂപപ്പെട്ടിരുന്നു. അടുത്ത കാലത്താണ് കട്ടിംഗ് നികത്തി സഞ്ചാരയോഗ്യമാക്കിയത്. മുൻപുണ്ടായിരുന്ന കട്ടിംഗിലൂടെ കയറുമ്പോഴും ഇറങ്ങുമ്പോഴും ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കട്ടിംഗിൽ ചാടി വാഹനങ്ങൾക്ക് കേടുപാട് സംഭവിയ്ക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കവിയൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് റീടാറിംഗ് നടത്തിയപ്പോഴാണ് പാലത്തിനു മുകളിലെ കട്ടിംഗ് നികത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് കട്ടിംഗ് ഭാഗത്തെ ടാറിംഗ് ഇളകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തത്. പിന്നീട് കുഴികൾ വലുതാകുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു തുടങ്ങി. കൂടാതെ, ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽ ചാടി മറിഞ്ഞു വീഴുന്നതും നിത്യസംഭവമായി. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് മാസങ്ങൾ പിന്നിടുന്നതിനു മുൻപ് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെടാൻ ഇടയാക്കിയത്. സമാന സ്ഥിതിയാണ് റെയിൽവേ ജംഗ്ഷനിലെ മേൽപ്പാലത്തിനുമെന്ന് യാത്രക്കാർ പറയുന്നു. പാലം നിർമ്മാണത്തിലെ അപാകതയെ തുടർന്ന്, കോൺക്രീറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കട്ടിംഗ് കമ്പികൾ പുറത്തേയ്ക്ക് ഇറങ്ങിയും അകന്നും സ്ഥിതി ചെയ്യുന്നതിനാൽ വാഹനങ്ങൾ കയറുമ്പോൾ തട്ടുന്നതിനും ഇടയാക്കുന്നു. ഫാത്തിമാപുരം മേൽപ്പാലത്തിലെ കുഴി നികത്തി റീടാറിംഗ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.