കോട്ടയം: നീലിമംഗലത്ത് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപെടാൻ ആറ്റിൻചാടിയ യുവാവിനെ ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സെത്തി കരയ്ക്കുകയറ്റി പൊലീസിന് കൈമാറി. ഒരു മണിക്കൂറോളം ആറിന് നടുവിലെ കമ്പിൽ പിടിച്ചുകിടന്ന ഗാന്ധിനഗർ സ്വദേശിയും നിരവധി ക്രിമിനൽക്കേസിലെ പ്രതിയുമായ എബിൻ കയറിവരാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഫയർഫോഴ്സിന് ഇറങ്ങേണ്ടിവന്നത്. വെട്ടേറ്റ സംക്രാന്തി സ്വദേശി നാസർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ 11 ഓടെയായിരന്നു നാടകീയ സംഭവങ്ങൾ. മീൻവില്പനക്കാരനായ നാസർ എബിനെപ്പറ്റി അപവാദം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മീൻ വില്പനയ്‌ക്കു ശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞുനിർത്തിയ എബിൻ വാക്കത്തി കൊണ്ട് തലയ്‌ക്ക് വെട്ടുകയായിരുന്നു. നാസറിന്റെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ എബിൻ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു. പൊലീസും നാട്ടുകാരും എത്തിയതോടെ ആറ്റിൽ ചാടുകയായിരുന്നു.

ഈ സമയം നാട്ടുകാരും പൊലീസും ഇരുകരകളിലും തമ്പടിച്ചു. ആളുകളും പൊലീസും ചേർന്നു കയറിവരാൻ ഇയാളെ നിർബന്ധിച്ചെങ്കിലും തയാറായില്ല. ഒരു മണിക്കൂറോളം നേരം ഇയാൾ തണുത്തു വിറച്ചു കിടന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം കരയിൽ നിന്ന് പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയാറായില്ല. ഒടുവിൽ സഹോദരനെ വിളിച്ചുവരുത്തിയ അഗ്‌നിരക്ഷാ സേനാ സംഘം റബർ ഡിങ്കിയിൽ ആറ്റിലിറങ്ങി. തുടർന്ന്, ആറിനു നടുവിലെത്തി എബിനെ വലിച്ച് ഡിങ്കിയിൽ കയറ്റുകയായിരുന്നു. മുൻപ് ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും എബിൻ പ്രതിയാണ്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.