2nd-mile

അടിമാലി: പള്ളിവാസൽ രണ്ടാംമൈൽ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ഇനിയും നടപ്പിലായില്ല.മൂന്നാർ ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും കല്ലാർ വഴി അടിമാലിക്കും ആനച്ചാൽ ഇരുട്ടുകാനം വഴി അടിമാലിക്കും തിരിയുന്ന ജംഗ്ഷനാണ് പള്ളിവാസൽ പഞ്ചായത്തിലെ രണ്ടാംമൈൽ ജംഗ്ഷൻ. ഏറെ യാത്രക്കാർ എത്തുന്ന ഇവിടെ ഒരു ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ നടപടി വേണമെന്ന് ഏറെനാളായി നാട്ടുകാർ ആവശ്യപ്പെട്ട് വരുകയാണ്.വിനോദ സഞ്ചാരികളും മറ്റ് ദീർഘദൂര യാത്രികരുമടക്കം രണ്ടാംമൈൽ ജംഗ്ഷനിൽ പലയിടത്തായി കാത്ത് നിൽക്കേണ്ട അവസ്ഥയാണുള്ളത്.രണ്ടാം മൈൽ ജംഗ്ഷനിൽ നിലവിൽ വാഹന യാത്രികർക്കുള്ള വിശ്രമത്തിനും മറ്റുമായി ഒരു പിങ്ക് കഫെ പ്രവർത്തിച്ചു വരുന്നുണ്ട്.ഇതിന് സമീപത്തായി പാതയോരത്തെവിടെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലിലൂടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം കൂടി ഒരുങ്ങിയാൽ ബസ് യാത്രികർക്കത് കൂടുതൽ സഹായകരമാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.