snake

കോട്ടയം: പടിഞ്ഞാറൻ മേഖലയുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിൽ അമരുന്നതിനിടെ ജനങ്ങളുടെ ഉറക്കം കെടുത്തി ഇഴജന്തുക്കളും. വ്യാപകമായ ഉരുൾപൊട്ടലുകളുണ്ടായതിനാലാകാം ഇത്തവണ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പാമ്പുകളുടെ എണ്ണം കൂടിയതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മൂർഖൻ മുതൽ പെരുമ്പാമ്പ് വരെയാണ് വ്യാപകമായി ഒഴുകിയെത്തുന്നത്. കുമരകം, തിരുവാർപ്പ്, അയ്മനം മേഖലകളിൽ മീൻ കൂടകളിലും വലകളിലും പാമ്പുകൾ കുടുങ്ങുന്നുണ്ട്. കുമരകം കൊച്ചിടവട്ടം ഭാഗത്ത് കഴിഞ്ഞ ദിവസം വലിയ പെരുമ്പാമ്പ് കുടുങ്ങിയിരുന്നു. വനംവകുപ്പ് അധികൃതർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി. മൂർഖനും അണലിയും കൂടുകളിലും വലകളിലും വ്യാപകമായി കുടുങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം കുമരകം ബോട്ട് ജെട്ടി ഭാഗത്ത് വലയിൽ കുടുങ്ങി അണലിയെയും ഒന്നാം കലുങ്ക് ഭാഗത്ത് മീൻ കൂട്ടിൽ കുടുങ്ങി മൂർഖനെയും കിട്ടിയിരുന്നു. അയ്മനം വല്യാട് സഹകരണബാങ്കിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇട്ട കൂട്ടിൽ പെരുമ്പാമ്പ് കയറി. കിഴക്കൻ മേഖലയിലെ കാടുകളിലും തോട്ടങ്ങളിലും മാളങ്ങളിൽ കഴിയുന്ന പാമ്പുകളാണ് ഇത്തരത്തിൽ മലവെള്ള പാച്ചിലിൽ ഒഴുകിയെത്തുന്നത്. മാളങ്ങളിൽ വെളളം കയറി ഒഴുക്കിൽപ്പെട്ട് വരുന്നവ കരയിൽ അടിയുകയാണ്. പടിഞ്ഞാറൻ മേഖലയിൽ വെള്ളം വീടുകളിലേക്കും കയറുമ്പോൾ പാമ്പുകളും വീടുകളിൽ എത്തും. വെള്ളമിറങ്ങിയ ശേഷമാകും ഇവയെ കണ്ടെത്തുക. അതേസമയം, മഴ അല്പമൊന്ന് ശമിച്ചെങ്കിലും കുമരകം, അയ്‌മനം, ആർപ്പൂക്കര, തിരുവാ‌ർപ്പ് പഞ്ചായത്തിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. കിഴക്കൻ മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ഈ മേഖലകളിൽ വെള്ളം ഉയരുകയാണ്. ഇന്നു മുതൽ വെള്ളം താഴ്‌ന്നു തുടങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.