ashly-joseph-monson

അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അന്യ സംസ്ഥാന തൊഴിലാളി യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖ പ്രസവം. മദ്ധ്യപ്രദേശ് ലംസാര സ്വദേശി രാജാക്കാട് ആനപ്പാറയിൽ താമസിക്കുന്ന ടീകാമിന്റെ ഭാര്യ ഹേമവതി (31)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30ന് ഹേമവതിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം ഉടൻ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫ്, ഡ്രൈവർ മോൻസൻ പി സണ്ണി എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയിൽ ഹേമവതി തീരെ അവശയാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടർന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ഹേമവതിയെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യെ രാജാക്കാട് എത്തുമ്പോഴേക്കും യുവതിയുടെ സ്ഥിതി കൂടുതൽ വഷളാവുകയും തുടർന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് എത്തിച്ചു. എന്നാൽ ഡോക്ടർ എത്തുന്നതിന് മുൻപ് തന്നെ ആംബുലൻസിനുള്ളിൽ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തിൽ ഹേമാവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രൻ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തിൽ കനിവ് ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവമായിരുന്നു ഇത്.