sarin

ചങ്ങനാശേരി: സ്വകാര്യ ബാങ്കുകളുടെ ഭീഷണി മൂലമാണ് സരിന്‍ മോഹന്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ രാധു ആരോപിച്ചു. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് സരിന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. സരിന്റെ ഭാര്യ രാധു പറയുന്നത്: വിദേശത്തായിരുന്ന സരിന്‍ രണ്ട് വര്‍ഷം മുന്‍പാണ് കുറിച്ചിയില്‍ വിനായക എന്ന ഹോട്ടല്‍ ആരംഭിച്ചതും വീട് വാടകയ്‌ക്കെടുത്ത് താമസമായതും. ഹോട്ടല്‍ ലാഭത്തിലായതോടെ അതേ കെട്ടിടത്തില്‍ തുണിക്കടയും സ്‌പെയര്‍ പാര്‍ട്‌സ് കടയും തുടങ്ങി. കൊവിഡിനെ തുടർന്ന് കച്ചവടം നിലച്ചതോടെ ബാദ്ധ്യത വര്‍ദ്ധിച്ചു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ചിട്ടിപ്പലിശക്കാരില്‍ നിന്നും കടംവാങ്ങിയിരുന്നു. തവണ മുടങ്ങിയതോടെ ഭീഷണിയും ഉയർന്നു. വാടക പോലും നല്‍കാന്‍ കഴിയാതെ വന്നതോടെ ഹോട്ടല്‍ ഭാര്യാപിതാവിനെ ഏല്‍പ്പിച്ച ശേഷം വീണ്ടും വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. പണം നല്‍കാനുണ്ടായിരുന്ന ഒരു വ്യാപാരി സ്ഥാപനം പൂട്ടിപ്പോയതായി പ്രചരിപ്പിച്ചതോടെ മറ്റുള്ളവര്‍ കൂട്ടമായെത്തി. തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജീവനൊടുക്കിയത്.