canal

ചങ്ങനാശേരി: മഴമാറി നിന്നതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും കുട്ടനാട്ടിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ, ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ചില ഭാഗങ്ങളിൽ വെള്ളമുണ്ട്. ശക്തമായ മഴയെത്തുമെന്ന സൂചന കണക്കിലെടുത്ത് കുട്ടനാട്ടിൽ നിന്നുള്ള ആളുകൾ ബന്ധുവീടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. മുൻവർഷങ്ങളിലേത് പോലെ കുട്ടനാട്ടുകാരുടെ കൂട്ടപലായനം ഇത്തവണയില്ലായിരുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറന്നത് ഏറെ ആശ്വാസമായെന്ന് കുട്ടനാട്ടുകാർ പറയുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ എത്തിച്ചിരുന്നു.

ചങ്ങനാശേരി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കാൻ വൈകും. പൂവം, വാലടി, കാവാലം, കൈനടി, കൃഷ്ണപുരം റൂട്ടുകളിൽ ബസ് സർവ്വീസ് നടത്തുന്നുണ്ട്. ചങ്ങനാശേരി ഡി.ടി.ഒ കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ കമലാസനൻ, ഡിപ്പോ എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥർ എ.സി റോഡ് റൂട്ടിൽ പരിശോധന നടത്തി. ചങ്ങനാശേരി ആലപ്പുഴ റോഡിൽ മേപ്രാൽ, പള്ളിക്കൂട്ടുമ്മ, ഏവീസ് ഹോട്ടൽ എന്നിവിടങ്ങളിൽ വെള്ളം കൂടുതലായതിനാൽ സർവ്വീസ് നടത്താനാകില്ലെന്ന് അധികൃതർ അറിയിച്ചു. റൂട്ടിൽ അരയടിയോളം വെള്ളം നിൽക്കുന്നതിനാലാണ് സർവീസ് ആരംഭിക്കാൻ താമസിക്കുന്നത്. എ.സി റോഡിലെ ജല നിരപ്പ് താഴുന്നതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി ഡിപ്പോ അധികൃതർ അറിയിച്ചു.

എസി റോഡിലെ താഴ്ന്ന പ്രദേശങ്ങളും ഉൾനാടൻ പ്രദേശങ്ങളും കുട്ടനാടൻ ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.

താലൂക്കിൽ എട്ട് ദുരിതാശ്വാസക്യാമ്പുകളാണ് കഴിഞ്ഞ ദിവസം തുറന്നത്. ഗവൺമെന്റ് യു.പി.എസ് പെരുന്ന പടിഞ്ഞാറ് ക്യാമ്പിൽ 23 കുടുംബങ്ങളിലെ 116 അംഗങ്ങളാണുള്ളത്. ളായിക്കാട് സെന്റ് ജോസഫ് എൽ.പി.എസിൽ 12 കുടുംബങ്ങളിലെ 25 അംഗങ്ങളുണ്ട്. പെരുന്ന ഗവൺമെന്റ് എൽ.പി.എസിൽ 19 കുടുംബങ്ങളിലെ 73 അംഗങ്ങളും പൂവം ഗവൺമെന്റ് യു.പി.എസിൽ 20 കുടുംബങ്ങളിലെ 81 അംഗങ്ങളുമുണ്ട്. പണ്ടകശാലക്കടവ് സെന്റ് ജെയിംസിൽ 8 കുടുംബങ്ങളിലെ 28 അംഗങ്ങളും പുഴവാത് എൻ.എസ്.എസ് യു.പി.എസിൽ 21 കുടുംബങ്ങളിലെ 51 അംഗങ്ങളുമുണ്ട്. പുഴവാത് ഗവൺമെന്റ് എൽ.പി.എസിൽ 17 കുടുംബങ്ങളും 46 അംഗങ്ങളുമുണ്ട്. പറാൽ വിവേകാനന്ദ എൽ.പി.എസിൽ 15 കുടുംബങ്ങളിലെ 40 അംഗങ്ങളുണ്ട്.