കോട്ടയം: ഇന്ധനവില ദിനംപ്രതി നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നതിനിടെ പച്ചക്കറി, സവാള വിലയും കുതിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ കൂടിയായതോടെയാണ് വില വർദ്ധിച്ചത്. സവാള, തക്കാളി, മുരിങ്ങക്ക എന്നിവയ്‌ക്കാണ് പ്രധാനമായും വില വർദ്ധിച്ചത്.
മഴ കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാൻ കാരണമായി. മറ്റ് പച്ചക്കറികൾക്കും കഴിഞ്ഞ ദിവസങ്ങളിൽ വില വർദ്ധനയുണ്ടായതായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബീൻസ്, പടവലം എന്നിവയ്‌ക്കും വില കുതിച്ചുയർന്നിട്ടുണ്ട്. തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നിരട്ടിയാണ് വില വർദ്ധിച്ചത്.
മുൻ വർഷങ്ങളിൽ വർഷാവസാനത്തിൽ ഉള്ളിയുടെ വില 150 രൂപവരെ എത്തിയിരുന്നു. പ്രത്യേകിച്ച് സവാളയ്ക്ക് ഏറ്റവും കൂടുതൽ ചെലവുള്ള ക്രിസ്തുമസ് സീസണിൽ. മാർക്കറ്റിൽ നിലവിൽ രണ്ടുതരം സവാളയുണ്ട്. ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നത് കഴിഞ്ഞ വർഷം വിളവെടുത്ത സവാളയാണ്. ഇതിനൊപ്പം ഇപ്പോൾ അത്ര ഉണങ്ങാത്ത സവാളയും എത്തുന്നുണ്ട്. ഇവയ്ക്ക് കിലോയ്ക്ക് 30 രൂപയാണ് വില. ഉണങ്ങിയ സവാളയ്‌ക്ക് 45 രൂപയും.
സെപ്തംബർ - ഡിസംബർ കാലത്ത് രാജ്യത്താകെ പൊതുവെ ഉള്ളിയുടെ വില ഉയരാറുണ്ട്. മഹാരാഷ്ട്രയിലെ പൂനെ മാർക്കറ്റിൽ നിന്നുള്ള സവാളയാണ് പ്രധാനമായും കേരളത്തിലെത്തുന്നത്. ജൂൺ - ജൂലായ് മാസങ്ങളിൽ ഉള്ളി നട്ട് ഒക്ടോബർ - നവംബർ മാസങ്ങളിൽ വിളവെടുക്കുന്നതാണ് രീതി. എന്നാൽ, അടുത്തിടെയുണ്ടായ കനത്ത മഴയിൽ പല പ്രാദേശിക ഗോഡൗണുകളിലെയും കരുതൽ ശേഖരം നനഞ്ഞു കേടായി. ഇതോടൊപ്പം പാകമായ വിളയും നശിച്ചു. സ്‌റ്റോക്ക് കുറഞ്ഞതിനൊപ്പം രാജ്യത്താകെ ഉത്സവകാലം എത്തിയതും വിലക്കയറ്റത്തിന് ഇടയാക്കി. കഴിഞ്ഞ രണ്ടു വർഷവും രാജ്യത്താകെ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നിരുന്നു. അന്ന് വിദേശത്ത് നിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് പ്രതിസന്ധി തരണം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് കഴിഞ്ഞ സീസണിൽ കേന്ദ്രസർക്കാർ പതിവിലും അധികം ഉള്ളി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതു മാർക്കറ്റിൽ എത്തുന്നതു വിലവർദ്ധന തടയുമെന്ന് വിദഗ്ദ്ധർ പറയുന്നു.
കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയിൽ താഴെയായിരുന്നു. തക്കാളിയുടെ വില 28ൽ നിന്ന് 57ലേക്ക് കുതിച്ചു. രണ്ടാഴ്‌ച കൊണ്ടാണ് മുരിങ്ങക്കയുടെ വില 58 രൂപയിലെത്തിയത്. മുൻവർഷങ്ങളിലും ഈ സീസണിൽ മുരിങ്ങക്കയുടെ വില 100 കടന്നിരുന്നു. ഫെബ്രുവരി മാസമാകുമ്പോൾ കിലോയ്ക്ക് 20 രൂപാവരെയെത്താറുണ്ട്. പടവവലങ്ങയുടെ വില 40 രൂപയാണ്. മാങ്ങ 56 രൂപ. ആന്ധ്രയിൽ നിന്നുള്ള മാങ്ങയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്.
വില നിലവാരം
(കിലോയ്ക്ക് )
ചേന : 24
ബീൻസ് : 57
ഇഞ്ചി : 60
പച്ചമുളക് : 28
നാരങ്ങ : 55
ഏത്തയ്‌ക്ക : 30
കാരറ്റ് : 56
ബീറ്റ്‌റൂട്ട് : 25