കോട്ടയം: തോരാമഴയിൽ കുതിർന്നത് പേരൂർ തുരുത്തിപ്പാടത്തെ കർഷകരുടെ സ്വപ്‌നങ്ങൾ. 80 ഏക്കറിലെ നെൽകൃഷി മുഴുവൻ നശിക്കുകയാണ്. വിതച്ചിട്ട് ഇരുപത് ദിവസം മാത്രം പ്രായമായ നെൽചെടികളാണ് പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചീഞ്ഞളിയുന്നത്. 120 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇത്തവണ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 55 കർഷകരാണ് 80 ഏക്കറിൽ കൃഷിയിറക്കിയിരുന്നത്. പാടമൊരുക്കുന്നതിന് വൻതുക ചെലവായി. കൃഷിഭവനിൽ നിന്നും ലഭിച്ച 3200 കിലോ വിത്തിറക്കി. അപ്രതീക്ഷിതമായുണ്ടായ കനത്തമഴയിൽ പാടം വെള്ളത്തിൽ പൂർണമായി മുങ്ങി. നിസ്സഹായരായി പാടവരമ്പത്ത് നിൽക്കാൻ മാത്രമേ കർഷകർക്കായുള്ളൂ. മഴ കുറഞ്ഞെങ്കിലും പാടത്തുനിന്നും വെള്ളം ഇറങ്ങിപ്പോകാൻ താമസമെടുക്കും. ആറു ദിവസമായി ചെടികൾ വെള്ളത്തിനടിയിലാണ്.
ജലസേചന സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് പേരൂർ തുരുത്തിപ്പാടത്തേ്‌ക്ക് വെള്ളമെത്തിയിരുന്ന മഠത്തിൽക്കുഴി തോടാണ് ഇത്തവണ വില്ലനായത്. കൈയേറ്റം മൂലം ശോഷിച്ച തോട്ടിലെ വെള്ളം പാടത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. താഴെയുള്ള പാടശേഖരങ്ങൾക്കും വെള്ളം ഭീഷണിയാണ്. വീണ്ടും കൃഷിയിറക്കേണ്ട അവസ്ഥയിലാണ് കർഷകർ. മഠത്തിൽക്കുഴി തോട്ടിലെ വെള്ളം തടയണ ഉപയോഗിച്ച് നിയന്ത്രിക്കാൻ സംവിധാനം വേണമെന്നും കൃഷി നശിച്ച കർഷകർക്ക് സഹായം നൽകണമെന്നും പാടശേഖരസമിതി പ്രസിഡന്റ് എം.ജി. ഗിരീഷ്, സെക്രട്ടറി എം.എ. അനീഷ് എന്നിവർ പറഞ്ഞു.