ചങ്ങനാശേരി: ബയോഫ്‌ളോക്ക് ടാങ്കുകളിലെ മത്സ്യങ്ങൾ വിൽക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. മത്സ്യ വിൽപ്പന നടന്നിട്ട് എട്ട് മാസം പിന്നിടുന്നു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മൽസ്യ സമ്പദ് യോജന (പി.എം.എസ്.എസ്.വൈ) എന്ന പദ്ധതിയാണിത്. ഇരുപതിനായിരം ലിറ്ററിന്റെ ടാങ്ക് നിർമ്മിക്കാൻ ഏഴരലക്ഷം രൂപയാണ് ചെലവാകുന്നത്. ഇതിൽ 2,80000രൂപ കർഷകർക്ക് സബ്‌സിഡി ലഭിക്കും. നിരവധി കർഷകരാണ് ബയോ ഫോള്ക്ക് കൃഷിയിലേക്ക് തിരിഞ്ഞത്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിലാണ് പ്രവർത്തനം. സർക്കാരിന്റെ വിത്തുല്പാദന കേന്ദ്രമായ വല്ലാർപാടം ആർ.ജി.സി.എയിൽ നിന്നാണ് കുഞ്ഞുങ്ങളെ നൽകുന്നത്.
ജില്ലയിൽ 50 യൂണിറ്റുകളാണ് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റിന് 8700 കുഞ്ഞുങ്ങൾ എന്ന കണക്കിൽ ഏഴ് ടാങ്കുകളിലാണ് മത്സ്യം വളർത്തൽ. ടാങ്ക് പ്രവർത്തിക്കുന്നതിന് ഒരു ദിവസം 6 യൂണിറ്റ് വൈദ്യുതി, മൂന്ന് നേരം തീറ്റ എന്നിവ വേണം. ഒരുമാസം 35000 രൂപ ഇതിലേക്കായി ചിലവാകും. ഒരു ടാങ്കിൽ 1250 മത്സ്യങ്ങൾ ലഭിക്കും. മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മ ജീവികൾ അടങ്ങുന്ന ആഹാരസാധനങ്ങൾ ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളർത്തുന്നത് വഴി കൃത്രിമ തീറ്റയുടെ അളവു കുറച്ച് കൃഷി ലാഭകരമാക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. പ്ലാസ്റ്റിക് ഷീറ്റിൽ ഉണ്ടാക്കുന്ന ടാങ്കിലാണ് കൃഷി. ആറാം മാസത്തിൽ വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി.
35 ടൺ മത്സ്യങ്ങളാണ് ഇനിയും വിറ്റഴിക്കാൻ ഉള്ളത്. കൃത്യമായ വിപണന സാദ്ധ്യത കണ്ടെത്താതെ കർഷകരെ മേഖലയിലേക്ക് തള്ളിവിട്ടതാണ് പ്രശ്‌നം രൂക്ഷമാകാൻ കാരണം. ഫിഷറീസ് വകുപ്പ് നിർദേശിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ മാത്രമേ ഈ പദ്ധതിയിൽ വളർത്താൻ അനുവദിച്ചിരുന്നുള്ളു. ഇതും പ്രതികൂലമായി. വിപണിയിൽ വലിയ ഡിമാന്റ് ഇല്ലാത്ത തിലോപ്പിയ കുഞ്ഞുങ്ങളെയാണ് ഇവർ വളർത്താൻ നൽകിയത്. പൊതുവിപണിയിൽ ഒന്നര രൂപ മാത്രം വിലയുള്ള മീൻ കുഞ്ഞുങ്ങളെ പത്തു രൂപയ്ക്കാണ് ഫിഷറീസ് വകുപ്പ് കർഷകർക്ക് നൽകിയത്. ആദ്യഘട്ടത്തിലും കൊവിഡ് കാലഘട്ടത്തിലും കൃഷി ആദായകരമായിരുന്നു. കർണാടകയിൽനിന്ന് വരവ് മത്സ്യം എത്തിയതോടെയും കോഴിവേസ്റ്റ് നൽകി പാടശേഖരങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയും ബയോഫ്‌ലോക്കിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് ആവശ്യക്കാരില്ലാതെയായി. 250 രൂപ വില വരുന്ന മത്സ്യം കോഴി വേസ്റ്റ് നൽകി വളർത്തുന്നവയ്ക്ക് 80 രൂപ നിരക്കിൽ വിപണിയിൽ ലഭ്യമാകുന്നത് കർഷകർക്ക് ഇരുട്ടടിയായി. ഒരു കിലോ മത്സ്യം ഉൽപ്പാദിക്കുന്നതിന് കർഷകന് 150 രൂപ മുതൽ 180 രൂപ ദിവസേന ചിലവാകുന്നുണ്ട്. മത്സ്യം വളർത്തുന്നവർക്ക് 5 രൂപ നിരക്കിൽ കോഴിവേസ്റ്റ് ലഭ്യമാക്കുന്ന ഇടനിലക്കാരുമുണ്ട്. ഇത് നല്ല തീറ്റ നൽകി വളർത്തുന്ന കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ടാങ്ക് നിർമ്മാണത്തിന് സർക്കാർ കണക്കാക്കിയ തുകയേക്കാൾ അധികമായതും വരവ് മത്സ്യങ്ങളും അധിക ചെലവും കർഷകരെ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലെത്തിച്ചിരിക്കുകയാണ്. ബയോ ഫ്‌ളോക്ക് മീൻ കൃഷി ചെയ്ത കർഷകരുടെ വിറ്റുപോകാത്ത മീനുകൾ സംഭരിക്കാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു.