കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടലിലും പ്രകൃതി ദുരന്തത്തിലും വീടുകൾ നഷ്ടപ്പെട്ട 600 കുടുംബങ്ങൾക്കും ഒരു വീടിന് ഓരോ ഗ്യാസ് സ്റ്റൗവും , അലുമിനിയം പാത്രങ്ങളും , പ്ലേറ്റുകളും വീതം എൻ.സി.പി നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അറിയിച്ചു. പ്രകൃതി ദുരന്തമുണ്ടായ കൊക്കയാർ - കൂട്ടിക്കൽ പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും പി.സി.ചാക്കോയും സംഘവും സന്ദർശിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്നും തിരികെയെത്തുന്നവർക്കുള്ള അത്യാവശ്യ സാധനങ്ങൾ എന്ന നിലയ്ക്കാണ് ഓരോ വീട്ടിലേക്കും ഗുണനിലവാരമുള്ള ഗ്യാസ് സ്റ്റൗവ്, പ്ലേറ്റുകൾ, അലുമിനിയം പാത്രങ്ങൾ എന്നിവ നൽകുന്നത്. മുപ്പതു ലക്ഷം രൂപ വിലയുള്ള ഗൃഹോപകരണങ്ങളാണ് എൻ.സി.പി നൽകുന്നത്. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി ടി.വി ബേബി, ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ, ജോബി കേളിയമ്പറമ്പിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.