മുണ്ടക്കയം: ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം. കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലയിൽ പ്രളയത്തിൽ വൈദ്യുതി ബന്ധം പൂർണമായും തകരാറാറിലായിരുന്നു. മുണ്ടക്കയത്ത് മാത്രം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വകുപ്പിന് ഉണ്ടായത്. മലവെള്ളപാച്ചിലിൽ നൂറുകണക്കിന് വൈദ്യതി പോസ്റ്റുകളാണ് നശിച്ചത്. കൂട്ടിക്കൽ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ കെ.എസ്.ഇ.ബിയുടെ നഷ്ടം ഒരു കോടിക്ക് മുകളിലാണ്. പുല്ലകയാറിന്റെ ഓരം ചേർന്ന് മുണ്ടക്കയം കൂട്ടിക്കൽ പാതയിലെ കിലോമീറ്ററോളം ദൂരത്തിലാണ് വൈദ്യുതി ലൈനുകൾ പ്രളയം കൊണ്ടുപോയത്. നിരവധി ട്രാൻസ്‌ഫോമറുകളും വെള്ളത്തിൽ മുങ്ങി നശിച്ചു. കൂട്ടിക്കൽ ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

പുതിയ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. രണ്ട് ദിവസത്തിനകം മേഖലയിൽ വൈദ്യുതി എത്തിക്കാമെന്നാണ് വകുപ്പ് കരുതുന്നത്. അതേസമയം കൊക്കയാർ പഞ്ചായത്തിലെ പ്രളയബാധിത മേഖലയിൽ വൈദ്യുതി പുനസ്ഥാപിച്ചു.