team

മുണ്ടക്കയം: പ്രളയത്തിൽ തകർന്ന മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾക്ക് കൈത്താങ്ങായി മെഡിക്കൽ സംഘമെത്തി. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ പരിപാലത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 5 ആംബുലൻസുകളിലായി 15 ഡോക്ടർമാർ, അടക്കം 30 അംഗ മെഡിക്കൽ സംഘമാണ് എത്തിയത് . ആർ.എം.ഒ ഡോ: ആർ. പി രഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം 3 വിഭാഗങ്ങളിലായി തിരിഞ്ഞ് മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തിലെ ക്യാമ്പുകളിൽ വൈദ്യസഹായം എത്തിക്കും. മൂന്ന് പഞ്ചായത്തുകളിലായി ഇരുപതിലധികം ക്യാമ്പുകളിൽ സംഘം ഇന്നലെ പരിശോധന നടത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റു ആശുപത്രിയിലേക്ക് മാറ്റുന്നതിന് സംവിധാനം ഏർപ്പെടുത്തി. ഓക്സിജൻ സിലിണ്ടറും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും പ്രതിരോധ മരുന്നുകളുമെല്ലാം ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്.
മുണ്ടക്കയം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ വച്ച് മെഡിക്കൽ സംഘത്തിന്റെ സന്ദർശനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ദുരന്തഭൂമിയിലേയ്ക്ക് മെഡിക്കൽ സംഘം പോകുന്നതെന്നും, വിവിധ രോഗങ്ങൾക്ക് ആവശ്യമായ മുഴുവൻ മരുന്നുകളും എത്തിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ആവശ്യമായവർക്ക് സമ്പൂർണ്ണമായ വൈദ്യ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.