plappally

കൂട്ടിക്കൽ: പ്ളാപ്പള്ളിക്ക് കിലോമീറ്റർ മുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ ഉരുൾ അഞ്ച് ജീവനുകളുമായി പാഞ്ഞിട്ട് അഞ്ച് ദിവസം കഴിഞ്ഞു. പ്ളാപ്പള്ളിയിൽ നിന്ന് താഴെയ്ക്ക് നോക്കിയാൽ തലകറങ്ങും പോലെ തോന്നും. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള ഏന്തയാർ വേളാങ്കണ്ണിപ്പള്ളിയുടെ കുരിശടിയിലെ മാതാവിനെ മറച്ചുകൊണ്ട് ഗ്ളാസിൽ നിറയെ ചെളി. നിമിഷങ്ങൾക്കുള്ളിൽ സർവതും അപഹരിച്ച ഉരുളോർമകൾ മനസിൽ തെളിയുമ്പോൾ അറിയാതെ കുരിശടിയിലേയ്ക്ക് നോക്കിപ്പോകും, ഒരു ധൈര്യത്തിന്!

പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മയും മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നിയും ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയയും മകൻ അലനും ഇനിയും തിരിച്ചറിയാത്ത മറ്റൊരാളുമൊക്കെ മണ്ണോട് ചേർന്നതിന്റെ ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല നാട്. ജീവിതത്തിന്റെ കയറ്റിയിറക്കങ്ങളിൽ ഒപ്പമുണ്ടായിരുന്ന പ്രിയതമ മോഹനനൊപ്പമില്ല. മോഹനനും സരസമ്മയും വീടിനോട് ചേർന്ന് ചായക്കടയും പലചരക്കുകടയും നടത്തുകയായിരുന്നു. 'ദുരിതങ്ങൾ താണ്ടിയാണ് ഇത്രേടമെത്തിച്ചത്. റോഡിനോട് ചേർന്ന് മനോഹരമായ വീടുവച്ചു. കാറുവാങ്ങി. കടയും കച്ചവടവുമായി ജീവിതം തളിരണിഞ്ഞു തുടങ്ങുമ്പോഴേയ്ക്കും സർവതും തൂത്തെറിയപ്പെട്ടു. ''

അലനും സോണിയയും റോഷ്നിയും തൊട്ടപ്പുറത്ത് ഉരുൾ പൊട്ടിയ കാര്യം പറഞ്ഞ് കടയിൽ ഇരിക്കുകയായിരുന്നു. ആദ്യം ചെറിയൊരൊഴുക്ക്. പിന്നീട് ഭയാനകമായ ശബ്ദം. വീടുകൾ തകർത്ത് കല്ലുംമണ്ണുമായി പാഞ്ഞ് കടയ്ക്കുള്ളിലേയ്ക്ക് ഉരുൾ വരുന്നത് കണ്ട് മാറാനായി ഉറക്കെ വിളിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു'' - ആശങ്ക വിതച്ച് വീണ്ടും പെയ്ത മഴയ്ക്കൊപ്പം മോഹനന്റെ കണ്ണീരുമൊഴുകി. കട പൂർണമായും ഒലിച്ചുപോയി. രണ്ട് വർഷം മുൻപ് പൂർത്തിയാക്കിയ സ്വപ്ന ഭവനം ഭാഗീകമായും. ഇടയ്ക്കിടയ്ക്ക് റോഡരികിൽ വന്ന് നിന്ന് മോഹനൻ വെറുതെ നോക്കി നിൽക്കും. എല്ലാം നഷ്ടപ്പെട്ടെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കുംപോലെ.

നിരപ്പായ മുറ്റവും വീടിനോട് ചേർന്നുള്ള പറമ്പും കൊക്ക പോലെയായി. ഒന്നും വിശ്വസിക്കാനാവുന്നില്ല. പക്ഷേ, വിശ്വസിച്ചേ പറ്റൂ. '' അവളുടെ സഞ്ചയനവും മറ്റും നടത്തണം. ഇടിഞ്ഞു വീഴാറായ വീട്ടിൽക്കയറി രേഖകളൊക്കെയെടുക്കണം. മുന്നോട്ടെന്തെന്ന് ചിന്തിച്ചിട്ടില്ല''- മോഹനൻ പറയുന്നു. വിദേശത്തായിരുന്ന മകൻ സതീഷ് കഴിഞ്ഞ ദിവസമാണ് എത്തിയത്. മകൾ സൗമ്യയും മരുമകൻ സുധീഷുമുണ്ട് അരികിൽ. ക്യാമ്പിലേയ്ക്ക് മാറാതെ തൊട്ടടുത്ത ബന്ധുവീട്ടിലാണ് എല്ലാവരും.

'' ജീവിതം മുഴുവൻ അമ്മയ്ക്ക് കഷ്ടപ്പാടായിരുന്നു. പശുവിനെ വളർത്തിയും പുല്ലുപറിച്ചും ഒക്കെയാണ് ഇതുവരെയെത്തിയത്. ടി.വിയിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്. വിളിച്ചിട്ട് ആരെയും കിട്ടിയില്ല. അമ്മയെ കാണാതെ പോയെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് അയൽവാസികൾ പറഞ്ഞത് പക്ഷേ,...'' സതീഷിന്റെ വാക്കുകൾ മുറിഞ്ഞു.

 ജോമിക്കിനി വീടില്ല

ജോമിയുടെ വീടിന് ഒരുവർഷത്തെ ആയുസുപോലുമില്ലായിരുന്നു. പൂർണമായും ഒലിച്ചു പോയി. കഴിഞ്ഞ നവംബറിലാണ് പുതിയ വീട് വച്ചത്. അത് ഉരുളിൽ തൂത്തെറിയപ്പെട്ടു. വീടിന് പിൻവശം വലിയൊരു വെള്ളച്ചാട്ടംപോലെയായി. '' ഇനി ജോമിയും മോളും മാത്രമേയുള്ളൂ. അവർ കുടുംബവീട്ടിലുണ്ട്. ഉരുൾ വരാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് നിന്ന് എല്ലാവരോടും മാറാൻ പറഞ്ഞിരിക്കുകയാണ്''- ജോമിയുടെ സഹോദരൻ ജോസി പറഞ്ഞു.