കോട്ടയം: തുടർച്ചയായി നാലാം വർഷവും കേരളത്തിൽ പ്രകൃതി ദുരന്തമുണ്ടായിട്ടും അത് മുൻകൂട്ടി കണ്ട് നേരിടാനുള്ള സംവിധാനമൊരുക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം, ഇടുക്കി ജില്ലകളിൽ ദുരന്തമുണ്ടായശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഹാപ്രളയത്തിന് ശേഷം നെതർലെൻഡ്‌സിൽ പോയി തിരിച്ചു വന്നിട്ട് എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. മഴ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്നും ശക്തിപ്പെടുത്തണമെന്നും പലതവണ ആവശ്യപ്പെട്ടതാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ രാജ്യദ്രോഹികളാകുന്ന അവസ്ഥയാണ്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്.
പ്രതിപക്ഷത്തെ മുഖ്യമന്ത്രിക്ക് വിമർശിക്കാം. പക്ഷെ ചോദ്യങ്ങൾക്ക് മറുപടി പറയണം.
ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങളുണ്ടായില്ല. കാലാവസ്ഥ മാറ്റം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
സഹകരണബാങ്കുകളിൽ പോലും മൊറട്ടോറിയം കൊണ്ടുവരാൻ വൈകി. ഈ ആഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് റിസർവ് ബാങ്കിനോട് മൊറട്ടോറിയം നൽകാൻ ആവശ്യപ്പെട്ടത്. ഇതേകാര്യം പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.