അടിമാലി: ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായിരുന്നിട്ടും അടിസ്ഥാന സൗകര്യമേതുമില്ലാതെ മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ദുരിതങ്ങളുടെ നടുവിൽ. വിനോദ സഞ്ചാരികളടക്കം ദിവസവും നൂറ് കണക്കിനാളുകൾ വന്ന് പോകുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രകാർക്ക് മഴയും വെയിലും കൊള്ളാതിരിക്കാനുള്ള സൗകര്യമോ ശുചിമുറി സംവിധാനമോ ഇല്ല.മൂന്നാർ ടൗണിൽ പ്രവർത്തിച്ച് വന്നിരുന്ന ബസ് സ്റ്റാൻഡ് ഗതാഗതപരിക്ഷക്കരണത്തിന്റെ ഭാഗമായി ഏതാനും നാളുകൾക്ക് മുമ്പാണ് ടൗണിലെ തന്നെ പോസ്റ്റോഫീസ് ജംഗ്ഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റി ക്രമീകരിച്ചത്.കാത്തിരിപ്പ് കേന്ദ്രമുൾപ്പെടെ നിർമ്മിക്കാമെന്ന് ബന്ധപ്പെട്ടവർ അന്നറിയിച്ചിരുന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല.മഴക്കനക്കുന്ന സമയങ്ങളിൽ മൂന്നാർ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്.പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ ദേവികുളം ബസ് സ്റ്റോപ്പിലുള്ള കാത്തിരുപ്പ് കേന്ദ്രമാണ് യാത്രക്കാർ താൽക്കാലികമായി ഉപയോഗിച്ചു പോരുന്നത്. ബസ് സ്റ്റാൻഡിന്റെ ഭാഗമായി കാത്തിരിപ്പു കേന്ദ്രവും ശുചിമുറി സംവിധാനവും ഒരുക്കണമെന്ന ആവശ്യം ബസ് യാത്രികരും പ്രദേശവാസികളും മുമ്പോട്ട് വയ്ക്കുന്നു.