കോട്ടയം: എം.ജി. സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ നാല് എ.ഐ.എസ്.എഫ് നേതാക്കൾക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ ജനറൽ കൗൺസിലേയ്ക്ക് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.ഷാജോ മത്സരിച്ചിരുന്നു. എസ്.എഫ്.ഐയുമായി ധാരണയില്ലാതെ മത്സരിച്ചതാണ് പ്രകോപനകാരണമെന്ന് സൂചന. വോട്ടിംഗിനായി എ.ഐ.എസ്.എഫ് കൗൺസിലർമാർ യൂണിവേഴ്സിറ്റിയിൽ എത്തുകയും ചെയ്തു. പോളിംഗ് പുരോഗമിക്കുന്നതിനിടെ പുറത്തുമാറി നിന്ന് ഫോൺ ചെയ്തിരുന്ന എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം എ.സഹദിനെ പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. സഹദിനെ രക്ഷപ്പെടുത്തി പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഋഷിരാജിന് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷ രാജു എന്നിവർക്കും സാരമായ പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നെങ്കിലും കെ.എസ്.യു വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു.
കെ.എസ്.യു മാർച്ച് നടത്തി
സെനറ്റ് വിദ്യാർത്ഥി മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. യൂണിവേഴ്‌സിറ്റി ആക്ടിന് വിരുദ്ധമായാണ് തിരഞ്ഞെടുപ്പെന്ന് കെ.എസ്.യു ആരോപിച്ചു. മുൻ വർഷങ്ങളിലെപ്പോലെ സർവകലാശാലാ ആക്ടിലെ സെക്ഷൻ 43 പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരുപതോളം കെ എസ് യു പ്രവർത്തകർ ഇന്നലെ രാവിലെ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചത്. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉൾപ്പെടെ നാലുപേർ ചർച്ചക്ക് വൈസ് ചാൻസലറുടെ ഓഫീസിൽ എത്തി. ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, സംസ്ഥാന ഭാരവാഹികളായ അനൂപ് ഇട്ടൻ, അലോഷ്യസ് സേവ്യർ എന്നിവർ ഉപരോധം തുടർന്നു. ഇവരെ ആദ്യവും ഉപരോധം തുടർന്ന സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉൾപ്പെടെ 18 പ്രവർത്തകരെ പിന്നീടും അറസ്റ്റ് ചെയ്ത് നീക്കി.