fertilizer

കോട്ടയം: വിലക്കയറ്റത്തിനൊപ്പം സംസ്ഥാനത്ത് രാസവളക്ഷാമവും രൂക്ഷമായതോടെ കാർഷിക വിളകൾക്ക് യഥാസമയം വളപ്രയോഗം നടത്താനാകാതെ കർഷകർ പ്രതിസന്ധിയിൽ. മഴ കഴിഞ്ഞെന്നു കരുതി വളമിട്ടവർക്ക് പെരുമഴയും വെള്ളപ്പൊക്കവും തിരിച്ചടിയാകുകയും ചെയ്തു.

മഴ കഴിഞ്ഞ് ഇനിയും വളമിടണമെന്നിരിക്കെ ക്ഷാമവും വിലക്കയറ്റവും കർഷകർക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അത് സംസ്ഥാനത്തെ കാർഷികോത്പാദനത്തെ സാരമായി തന്നെ ബാധിക്കും. അതുവഴി ഭക്ഷ്യയിനങ്ങൾക്ക് വിലക്കയറ്റമുണ്ടാകും. രാസവള നി‌ർമ്മാണ കമ്പനികൾക്കും ഇറക്കുമതി സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ 28,680 കോടിയുടെ സബ്‌സിഡി അനുവദിച്ച കാലത്ത് തന്നെയാണ് വിലക്കയറ്റവും ക്ഷാമവുമെന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്തെ രാസവള വിതരണശാലകളിലെ കുത്തഴിഞ്ഞ കണക്കുരീതിയാണ് ക്ഷാമത്തിന് കാരണമാകുന്നത്. രാസവളവിതരണം കേന്ദ്രം നേരിട്ടാണ് നടത്തുന്നത്. കർഷകർക്കുള്ള ഇനമായതിനാൽ സബ്സിഡിയുമുണ്ട്. സബ്സിഡിനിരക്കിൽ നൽകുന്ന രാസവളം കർഷകരിലേക്കാണ് എത്തുന്നതെന്ന് ഉറപ്പിക്കാൻ പി.ഒ.എസ് യന്ത്രം ഉപയോഗിച്ച് വിതരണം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, സ്വകാര്യ രാസവള വിതരണശാലകളും അത്യപൂർവ്വം സഹകരണസംഘങ്ങളുമൊഴികെ മറ്റ് ശാലകളൊന്നും തന്നെ പി.ഒ.എസ് യന്ത്രം ഉപയോഗിച്ച് വിതരണം ചെയ്യാറില്ല. അതിനാൽ ഇവ വിറ്റഴിക്കപ്പെട്ടതായി രേഖകളിൽ കാണില്ല. അതിനാൽ അവശ്യ സ്റ്റോക്ക് സംസ്ഥാനത്തുണ്ടെന്ന് കരുതി കേന്ദ്രം അത് നൽകാൻ തയ്യാറാകുന്നുമില്ല.

നിലവിലെ കാലാവസ്ഥ എല്ലാ വിളകൾക്കും വളപ്രയോഗത്തിന് അനുയോജ്യമാണ്. പ്രത്യേകിച്ച് ഏലം, വാഴ തുടങ്ങിയവയ്‌ക്ക്. വാഴ കർഷകർ എല്ലാ മാസവും അതല്ലെങ്കിൽ രണ്ട് മാസത്തിലൊരിക്കലെങ്കിലും വളപ്രയോഗം നടത്താറുണ്ട്. യൂറിയ, പൊട്ടാഷ്, ഫോസ്‌ഫേറ്റ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് തുടങ്ങിയ വളങ്ങൾക്കും ക്ഷാമമാണ്. സംസ്ഥാനത്തേക്ക് രാസവളങ്ങൾ എത്തിക്കുന്നത് മദ്രാസ് ഫെർട്ടിലൈസർ ലിമിറ്റഡ്, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ്, സ്‌പിക്, എം.പി.എഫ്, ഇഫ്‌കോ എന്നീ കമ്പനികളാണ്. രാസവളം കിട്ടാത്തതിന്റെ കാരണം കമ്പനികൾ വ്യക്തമാക്കുന്നില്ലെന്നാണ് ഡീലർമാർ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നു വ്യാപാരികളും കർഷകരും ആവശ്യപ്പെടുന്നു.

വിലക്കയറ്റം ഗതിമുട്ടിക്കും

പെട്രോൾ, ഡീസൽ വില വർദ്ധനയെ തുടർന്ന് രാസവളത്തിന് 40 ശതമാനത്തിന്റെ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. 45 കിലോഗ്രാം വരുന്ന ഒരു ചാക്ക് യൂറിയയ്ക്ക്1760 രൂപയാണ് വില. ഇതിൽ 1500 രൂപയോളം കേന്ദ്രം സബ്സിഡി നൽകുന്നുണ്ട്. ഒരു ചാക്ക് യൂറിയ ബില്ലില്ലാതെ മറിച്ചുവിറ്റാൽ ചുരുങ്ങിയത് 500 രൂപ ലാഭം കിട്ടും. ഇതുപോലെ ഫാക്ടം ഫോസും പൊട്ടാഷും വിറ്റഴിക്കുന്നുണ്ട്. മിക്സ്ചർ, കോംപ്ളക്‌സ് രാസവള കമ്പനികളാണ് ബില്ലില്ലാതെ വാങ്ങിക്കൂട്ടുന്നത്. പൊട്ടാഷ് പൂർണമായും യൂറിയ, ഫാക്ടംഫോസ് തുടങ്ങിയവയുടെ അസംസ്‌കൃത വസ്തുക്കൾ ഭാഗികമായും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ യൂറിയയുടെ വിലമാത്രമാണ് കേന്ദ്രം നിശ്ചയിക്കുന്നത്. അതിനാൽ യൂറിയയുടെ വില മാത്രം ഉയരാതെ നിൽക്കുകയാണ്. എന്നാൽ, കേരളത്തിൽ യൂറിയ ഉപയോഗം കുറവാണ്. ഫാക്ടംഫോസ് നിർമ്മിക്കാനുള്ള ഫോസ്‌ഫോറിക് ആസിഡ് ഇറക്കുമതി ചെയ്ത് വളം ഉൽപ്പാദിപ്പിക്കുന്നത് കമ്പനികളാണ്. അതിനാൽ വില നിശ്ചയിക്കുന്നതും ഇതേ കമ്പനികളാണ്.

പൊട്ടാഷ് പൂർണമായും ഇറക്കുമതി ചെയ്യുന്ന വളമാണെങ്കിലും ഇപ്പോൾ ഇറക്കുമതി ലൈസൻസ് നേടിയിട്ടുള്ളത് ഒരു കമ്പനി മാത്രമാണ്. വില നിർണയാധികാരം ഈ കമ്പനിക്കുണ്ടാകും. ആറ് മാസം മുമ്പ് 50 കിലോഗ്രാം പൊട്ടാഷിന് 800 ആയിരുന്നത് ഇപ്പോൾ 1350 രൂപയായി. 950 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന് ഇപ്പോൾ 1390 രൂപയാണ്. 600 രൂപ കേന്ദ്ര സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. റബ്ബർ, നാളികേരം തുടങ്ങിയ വാണിജ്യ വിളകൾക്ക് അത്യാവശ്യമായ പൊട്ടാഷിന്റെ ലഭ്യതക്കുറവ് കർഷകന് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. റഷ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് കേന്ദ്ര സർക്കാർ പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതും പൊട്ടാഷിന്റെ ലഭ്യതക്കുറവിനും വില വർദ്ധനയ്ക്കും കാരണമായി.